കൊല്ലം: എലിപ്പനിക്കെതിരെ ബോധവത്കരണത്തിനായി ജില്ല മെഡിക്കല്‍ ഓഫിസിന്റെ 'ഡോക്സി വാഗണ്‍' ജില്ലയില്‍ ഒരാഴ്ച നീളുന്ന പര്യടനം തുടങ്ങി. കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. മലിനജല സമ്പര്‍ക്കമുള്ളവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുന്നവര്‍ എന്നിവര്‍ ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. സ്വയംചികിത്സ ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറും മെഡിക്കല്‍ ഓഫിസ് ജീവനക്കാരും ഡോക്സി സൈക്ലിന്‍ ഗുളിക കഴിച്ച് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, ഏരൂര്‍, പിറവന്തൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍. കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ മൂത്രത്തില്‍നിന്നും മലിനജലത്തില്‍ നിന്നുമാണ് എലിപ്പനി പകരുന്നത്. പനി, കണ്ണിന് പിറകില്‍ വേദന, മാംസപേശികള്‍ക്ക് വേദന, മഞ്ഞപ്പിത്തം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം.
എലിപ്പനി ബാധിച്ച് ഒരാഴ്ചക്കുള്ളില്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയില്ലാത്തതിനാല്‍ മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ചികിത്സക്കെത്തുമ്പോള് ഡോക്ടറോട് അക്കാര്യം വ്യക്തമാക്കണം. രോഗം തീവ്രമാകുമ്പോള്‍ തലച്ചോറ്, ശ്വാസകോശം, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും. ജില്ലയിലെ എല്ലാ പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി, പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡോക്സി കോര്‍ണര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ്, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, ജില്ല പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ പരിശോധനാ സംവിധാനവുമുണ്ട്. ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ആര്. സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ സാജന് മാത്യൂസ്, മാസ് മീഡിയ ഓഫിസര്‍മാരായ ദിലീപ് ഖാന്, എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.