കുണ്ടറ: കുടിവെള്ളക്ഷാമ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ്, ഭൂജലവകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗം വിളിച്ചതിൽ അനുകൂലതീരുമാനം. ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി ശുദ്ധജലം എത്തിക്കാന്‍ തീരുമാനമായി.
മാധ്യമം ‘ഉയരുന്ന ചൂട് വരളുന്ന നാട്’ പരമ്പരയില്‍ കുണ്ടറ മേഖലയുടെ കുടിവെള്ള പ്രശ്നങ്ങള്‍ നിരത്തിയ വാര്‍ത്തയെ തുടര്‍ന്നാണ് പി.സി. വിഷ്ണുനാഥ് എം.എൽ.എ യോഗം വിളിച്ചത്.
എം.എൽ.എയുടെ അധ്യക്ഷതയിൽ എ.ഡി.എം ആര്. ബീന റാണിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വാട്ടര്‍ അതോറിറ്റി സാങ്കേതികമായി പരിഹരിക്കേണ്ട പ്രശ്നങ്ങളാല്‍ ശുദ്ധജല വിതരണം മുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ നിർദേശിച്ചു.
കുഴല്‍ക്കിണറുമായി ബന്ധപ്പെട്ട് ഭൂജല വകുപ്പിന് പഞ്ചായത്ത് പണമടച്ച പദ്ധതികള്‍, എം.എല്‍.എ ഫണ്ടില്‍ ഉൾപ്പെട്ട പദ്ധതികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാർ ഉത്തരവ് പ്രകാരം അടിയന്തരമായി ശുദ്ധജലം എത്തിക്കേണ്ട സ്ഥലങ്ങളില്‍ പഞ്ചായത്ത് ഫണ്ടില്‍നിന്ന് തുക വിനിയോഗിച്ച് ജലം എത്തിക്കാനും തീരുമാനമായി.
കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ദേവദാസും പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയും ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ആഞ്ഞടിച്ചു.
കുടിവെള്ളക്ഷാമ പരിഹാരം തേടി വാട്ടര്‍ അതോറിറ്റി അസി. എൻജിനീയറുടെ ഓഫിസിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും എടുത്താല്‍ തന്നെ ‘നിങ്ങളാരാ’ എന്ന നിഷേധ മറുപടിയാണ് ലഭിക്കുന്നതെന്നും ഒന്നിലധികം തവണ തനിക്ക് ഈ അനുഭവം ഉണ്ടായെന്നും കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് പറഞ്ഞു.
ജലജീവന്‍ പൈപ്പില്‍നിന്ന് ഒരുകപ്പ് വെള്ളം പോലും ലഭിക്കാത്ത തനിക്ക് വാട്ടര്‍ അതോറിറ്റി 280 രൂപയുടെ ബില്ലാണ് തന്നതെന്നും ഉദ്യോഗസഥര്‍ മിക്കപ്പോഴും വിളിച്ചാൽ ഫോണ്‍പോലും എടുക്കാറില്ലെന്നും പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കരയും പ്രതികരിച്ചു.
ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, തൃകോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ കുമാരി, വാട്ടര്‍ അതോറിറ്റി കൊട്ടാരക്കര എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.യു. മിനി, കൊല്ലം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സബീര്‍ എ. റഹീം, വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ ജല വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.