കൊല്ലം: ‘എന്റെ കേരളം’ അവസാന ദിനങ്ങളിലേക്ക് കടന്നതോടെ ആശ്രാമം മൈതാനം നിറഞ്ഞൊഴുകുകയാണ്. മേള നിറഞ്ഞുനീങ്ങുന്ന ആൾക്കൂട്ടം ഓരോ സ്റ്റാളിലും ഒരുക്കിയിരിക്കുന്ന പ്രദർശനങ്ങൾ താൽപര്യത്തോടെ കാണാനും സാധനങ്ങൾ വാങ്ങാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഏറെ നേരമാണ് ചെലവഴിക്കുന്നത്.
ജര്‍മനിയില്‍നിന്നുള്ള വിനോദസഞ്ചാരികളായ നിക്കോളയും ഭാര്യ ആനും മേള മുഴുവൻ കണ്ടാസ്വദിച്ച് പുത്തൻ അനുഭവം എന്ന അഭിപ്രായവും പറഞ്ഞാണ് പോയത്. വെര്‍ച്വല്‍ റിയാലിറ്റിയിൽ 3ഡി ഗെയിമിങ് അനുഭവം നൽകുന്ന ഐ.ടി മിഷന് സ്റ്റാളിൽ തിരക്കോടുതിരക്കാണ്. റോളർ കോസ്റ്റര്‍, ജുറാസിക് വേള്‍ഡ് ഗെയിമുകളുടെ ലോകം ആസ്വദിക്കാൻ ദിനംപ്രതി 200ലധികംപേരാണ് സ്റ്റാളിൽ എത്തുന്നത്.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള ഗുണനിലവാര പരിശോധനക്കും ആവശ്യക്കാരേറെ. മൂന്ന് ദിവസങ്ങൾക്കകം കിണറുകളില്‍നിന്ന് വെള്ളം നേരിട്ട് ശേഖരിച്ച് പരിശോധനക്ക് എത്തിച്ചത് 200ഓളംപേരാണ്. തട്ടാമല ഇരവിപുരം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ ജലപരിശോധന നടത്തുന്നത്.
സെമിനാർ വേദികളിൽ പുതിയ അറിവുകൾ നേടാനും കാഴ്ചക്കാർ താൽപര്യപ്പെടുന്നുണ്ട്. നാഷനല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍. ‘ആരോഗ്യം ആഹാര ശീലങ്ങളിലൂടെ ജീവിതശൈലി രോഗ പ്രതിരോധം’ സെമിനാര്‍ ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ എഫ്. അസുന്താ മേരി ഉദ്ഘാടനം ചെയ്തു.
ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍നടന്ന ‘ക്ഷീരമേഖല-വികസന കാഴ്ചപ്പാടുകള്‍’ സെമിനാര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രത്തിന്റെ ബിസിനസ് ടു ബിസിനസ് മീറ്റിൽ ജില്ലയിലെ പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റ് തുടര്‍ന്ന് 25 സംരംഭകരുടെ ഉൽപന്നങ്ങള് വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.
മൃഗസംരംക്ഷണ വകുപ്പിന്റെ പവലിയനിൽ എത്തിയാൽ സന്ദർശകരുടെയെല്ലാം മനംകവരുന്ന ചില അതിഥികളെ കാണാം. ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് തത്തകളാണ് കൂട്ടത്തിൽ പ്രധാനതാരം. ലക്ഷങ്ങൾ വില വരുന്ന, എളുപ്പത്തിൽ ഇണങ്ങുന്ന മക്കാവ് തത്തകളോടൊപ്പം ചിത്രം പകർത്താൻ സന്ദർശകരുടെ തിരക്കാണ്.
ഫിഞ്ചുകൾ, ബഡ്ജീസുകൾ, കൊക്കറ്റിലുകൾ, ആഫ്രിക്കൻ ചാരത്തത്തകൾ, ഫെസെന്റ്, ലോറി തത്തകൾ, കൊനൂറുകൾ, അലങ്കാരക്കോഴികൾ എന്നിങ്ങനെ അരുമപക്ഷികളുടെ നീണ്ട നിരതന്നെ പവലിയനിലുണ്ട്. ചൈനീസ് സിംഹ നായ് ഷിദ്സു, അമേരിക്കൻ ബുള്ളി നായ് മുതൽ പേർഷ്യൻ പൂച്ചകൾ വരെയുള്ള അരുമൃഗങ്ങളും വലിയ തിരക്ക് സൃഷ്ടിക്കുന്ന താരങ്ങളാണ്.
നിങ്ങൾ സാധാരണ കഴിക്കുന്ന പായസം പോലെ അല്ല, ഈ രുചി ഒന്നുവേറെയാണ്- കഫെ കുടുംബശ്രീയിലെ ‘മുതുമുത്തശ്ശി പായസക്കട’യിൽ കൊല്ലത്തിന്റെ ശശികല പറയുന്നത് വെറുതെയല്ലെന്ന് ആ രുചിനുണഞ്ഞാൽ അറിയാം. അമ്പലപ്പുഴ പാൽപായസവും വയനാടൻ മുളയരിപായസവും തേങ്ങാപ്പാൽ ചേർത്ത നല്ലരസികൻ അടപ്രഥമനുമെല്ലാം ഇവിടെനിന്ന് വാങ്ങാൻ ആവശ്യക്കാരേറെ.
ഇതേ കഥയാണ് കഫെ കുടുംബശ്രീയിലെ മറ്റുസ്റ്റാളുകൾക്കും പറയാനുള്ളത്. കൊല്ലത്തിന്റെ മീൻ രുചിയും മലബാറിന്റെ മൊഞ്ചുള്ള പലഹാരങ്ങളുമെല്ലാം ചൂടപ്പമായാണ് വിറ്റുപോകുന്നത്. തലശ്ശേരി ദം ബിരിയാണി, നെയ് പത്തൽ, ചിക്കന്‍ ചുക്ക, ഏലാഞ്ചി, കിളിക്കൂട്, ചട്ടി പത്തിരി, പിടിയും കോഴിയും, നാടൻ കപ്പ ബിരിയാണി, ഗ്രിൽഡ് ചിക്കൻ, ഹൈദരാബാദ് ബിരിയാണി വിഭവങ്ങൾ പലത് രുചിക്കാൻ ആളുകൾ എത്തുമ്പോൾ കഫെ കുടുംബശ്രീയിൽ ആളൊഴിഞ്ഞ നേരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.