പത്തനാപുരം: വിനോദ സഞ്ചാര മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാനത്ത് ഫാം ടൂറിസം പദ്ധതി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ഫാം ടൂറിസത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ പഞ്ചായത്തിലും ടൂറിസ്റ്റ് സ്പോട്ടുകൾ കണ്ടെത്തി വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കും. ഫുഡ് ടൂറിസം, കാരവൻ ടൂറിസം, ഫാം ടൂറിസം എന്നിവ സാധ്യമാക്കും. നൂതന പദ്ധതികൾ ടൂറിസം മേഖലയിൽ ആവിഷ്കരിക്കുന്നതിന് വിദഗ്ധ അഭിപ്രായങ്ങൾകൂടി സ്വരൂപിച്ച് അവ പ്രാബല്യത്തിൽ കൊണ്ടുവരാൻ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുരിയോട്ടുമലയിൽ ഫാം ടൂറിസം ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഫാം ടൂറിസം വ്യാപിപ്പിക്കുന്നതിലൂടെ ക്ഷീര കർഷകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിനോദ സഞ്ചാര വകുപ്പുമായി ചേർന്ന് ഫാം ടൂറിസം മേഖലയിലെ പുരോഗതിക്ക് പിന്തുണ നൽകുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജെ. നജീബത്ത്, വസന്ത രമേശ്, അനിൽ എസ്. കല്ലേലിഭാഗം, സെക്രട്ടറി ബിനുൻ വാഹിദ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. ജയൻ, എസ്. തുളസി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എ. കൗശികന്, കുരിയോട്ടുമല സർക്കാർ ഹൈടെക് ഡയറി ഫാം സൂപ്രണ്ട് വി.പി. സുരേഷ് കുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, ഫാം കൗൺസിൽ അംഗങ്ങൾ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.