കൊല്ലം: ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. 1231 പേരാണ് വെള്ളിയാഴ്ച പനിബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 27പേർക്ക് ഡെങ്കിയും മൂന്നുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 24 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയും ഒരാൾ എലിപ്പനിയുടെ ലക്ഷണങ്ങളോടെയും ചികിത്സയിലാണ്.
ജില്ല ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ പനിബാധിച്ച് ചികിത്സക്കെത്തുന്നവരാണ് ഏറെയും. എല്ലാ ദിവസവും ജില്ലയിൽ പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. വെള്ളിയാഴ്ച രണ്ടുമരണങ്ങൾ പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.
പള്ളിക്കൽ ആലഞ്ചേരി കിരൺ ഭവനിൽ വിജയൻ (61) ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അവണൂർ പത്തടി വൃന്ദാവനത്തിൽ വൃന്ദാരാജ് പകർച്ചപ്പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വിവിധതരം പനികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണ്.കൊതുകുനശീകരണവും മാലിന്യനിർമാർജനവുമൊക്കെ മിക്ക തദ്ദേശസ്ഥാപനങ്ങളിലും പഴയപടി തുടരുന്നു. അതേസമയം തദ്ദേശവകുപ്പും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകി. എന്നാൽ ഓടകളുടെ ശുചീകരണമടക്കം മഴക്കാലപൂർവ ശുചീകരണങ്ങൾ യഥാസമയം നടക്കാത്തത് ഇപ്പോൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പനി പടരുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആയുർവേദ, ഹോമിയോ ചികിത്സാവിഭാഗങ്ങളും ആവശ്യമായ ചികിത്സാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.