ശാസ്താംകോട്ട: കഴിഞ്ഞ ഓണക്കാലത്ത് നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഗതാഗത പരിഷ്കാരവും ഈഓണത്തിന് മുമ്പ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച സിഗ്നൽ ലൈറ്റും നടപ്പാകാതെ വന്നതോടെ ഭരണിക്കാവിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
കൊല്ലം-തേനീ,വണ്ടിപ്പെരിയാർ-ഭരണിക്കാവ് ദേശീയപാതകളും ചവറ-പത്തനംതിട്ട സംസ്ഥാനപാത സംഗമിക്കുന്നത് ഭരണിക്കാവിലാണ്. അടൂർ-പത്തനംതിട്ട, കുണ്ടറ, ചവറ-കരുനാഗപ്പള്ളി, ചക്കുവള്ളി-താമരക്കുളം, പതാരം തുടങ്ങിയ നിരവധി റോഡുകളും ഇവിടെ സംഗമിക്കുന്നുണ്ട്. അതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ടൗണിലെത്തുന്നത്. എന്നാൽ, സിഗ്നൽ ലൈറ്റില്ലാത്തത് ഏറെ ദുരിതം സൃഷ്ടിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സിഗ്നൽലൈറ്റ് സ്ഥാപിച്ചെങ്കിലും ആസൂത്രണ പിഴവ് മൂലം ഉദ്ഘടനദിവസം തന്നെ ഒരാൾ വാഹനത്തിന് അടിയിൽപ്പെട്ട് മരിച്ചു. ഇതോടെ ഇതിന്റെ പ്രവർത്തനം നിർത്തിവെച്ചു.
നിലവിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഹോം ഗാർഡുകളാണ് ഗതാഗതം നിയന്ത്രിക്കുന്നത്. രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് വ്യാപകമാണ്. ഓണക്കാലമായതോടെ വാഹന നിര കിലോമീറ്ററുകളോളം നീളുന്നു. ഭരണിക്കാവ് ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ച് ടൗണിൽ ഗതാഗത പരിഷ്കരണം കഴിഞ്ഞ ഓണക്കാലം മുതൽ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതിനെതിരെ വ്യാപാരി വ്യവസായികൾ രംഗത്തുവന്നതോടെ തീരുമാനം പാളി. പിന്നീട് ഗ്രാമപഞ്ചായത്ത് ഈഓണത്തിന് മുമ്പ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും നടപ്പിലായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.