കൊട്ടിയം: മത്സ്യ കൃഷിയുടെ മറവിൽ ആദിച്ചനല്ലൂരിൽ വയൽ നികത്തുന്നതായി പരാതി. പഞ്ചായത്തിലെ നാല്, അഞ്ച്, 11 വാർഡുകൾ കേന്ദ്രീകരിച്ച് സ്ഥിതിചെയ്യുന്ന ആദിച്ചനല്ലൂർ ഏലയിലെ കിഴക്ക് ഭാഗമാണ് (പെരുമാൾക്കുന്ന് ക്ഷേത്രത്തിന് താഴ്ഭാഗം) സ്വകാര്യ വ്യക്തി മത്സ്യകൃഷിയുടെ മറവിൽ നികത്തുന്നത്.
നിലവിൽ പഞ്ചായത്തിൽ നെൽകൃഷി ചെയ്യുന്ന ചുരുക്കം ചിലതിൽ ഒന്നാണ് ഈ പാടശേഖരം. ഇവിടെനിന്നും കൃഷി ചെയ്യുന്ന നെല്ല് സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറികൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നികത്തൽ തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ഭാഗങ്ങൾ നികത്താൻ സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. വയലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇറിഗേഷൻ തോടിനോട് ചേർന്ന് മുള്ളുവേലി കെട്ടി മറച്ചിട്ടുണ്ട്. ഇതുമൂലം കർഷകർക്ക് അവരുടെ വയലിലേക്ക് വിത്ത്, വളങ്ങൾ മറ്റ് കൃഷി ആവശ്യത്തിനുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്.
ഈ ഭാഗത്ത് കൂടിയാണ് കൃഷി സമയങ്ങളിൽ കൊയ്ത്തു മിഷൻ കൊണ്ടു പോകുന്നത്. മുള്ളുവേലി കെട്ടി അടച്ചതിനാൽ ഇതും ബുദ്ധിമുട്ടിരിക്കുകയാണ്. മുള്ളുവേലി മാറ്റി വയൽ നികത്തുന്നത് അവസാനിപ്പിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസിലും കൃഷി ഓഫിസിലും കർഷകസംഘം, കർഷക തൊഴിലാളി യൂനിയൻ, പാടശേഖരസമിതി തുടങ്ങിയ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.