കൊല്ലം: തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ, അർധസർക്കാർ ഓഫിസുകളിലെ ജീവനക്കാർക്ക് കൊല്ലത്തുനിന്ന് രാവിലെയും വൈകീട്ടും യാത്രാസൗകര്യമൊരുക്കുന്ന വെസ്റ്റിബ്യൂൾ സർവിസിന് തുടക്കം. തിങ്കളാഴ്ച രാവിലെ 7.30ന് സെക്രട്ടേറിയറ്റ്, ജനറൽ ആശുപത്രി, കേരള സർവകലാശാല, യൂനിവേഴ്സിറ്റി കോളജ്, ഏജീസ് ഓഫിസ്, പബ്ലിക് ഓഫിസ്, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്നിങ്ങനെ തലസ്ഥാന നഗരിയിലെ നിരവധി ഓഫിസുകളിലെ കൊല്ലം സ്വദേശികളായ ജീവനക്കാർക്ക് ഗുണം ചെയ്യുന്നതരത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവിസായി ഓടുന്ന ബസിന് രാവിലെ 9.30-9.45ഓടെ തിരുവനന്തപുരത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തുനിന്ന് തിരികെ പുറപ്പെടുന്ന സർവിസും ജീവനക്കാരെ കൃത്യസമയത്ത് തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കൊല്ലം ഡിപ്പോയിൽനിന്ന് പ്രത്യേക സർവിസിന് തുടക്കമായപ്പോൾ മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ലഭിച്ചത്.
ഇതോടെ കൊല്ലത്ത് രണ്ട് റൂട്ടുകളിലാണ് വെസ്റ്റിബ്യൂൾ സർവിസുള്ളത്. രണ്ട് ബസുകൾ ചേർത്തുവെച്ച മാതൃകയിലുള്ള ഈ ബസിന്‍റെ സർവിസ് ചവറ-ചിന്നക്കട-കുണ്ടറ റൂട്ടിൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ആരംഭിച്ചത്. 60 സീറ്റുകളുള്ള ബസിന് 17 മീറ്റർ നീളമാണുള്ളത്. കൊല്ലം-തിരുവനന്തപുരം ട്രെയിൻ സർവിസുകൾ നിരന്തരം വൈകിയോടുന്ന സാഹചര്യത്തിൽ ഓഫിസ് ജോലിക്കാർക്ക് വെസ്റ്റിബ്യൂൾ സർവിസ് ഏറെ ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.