കൊല്ലം: ആരോഗ്യസ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്നവരുടെയും സഹായത്തിൽ സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ‘ആർദ്രം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴ് താലൂക്ക് ആശുപത്രികളും ജില്ല ആശുപത്രിയും സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തുകയും രോഗികളും കൂട്ടിരിപ്പുകാരുമായി സംവദിക്കുകയും ചെയ്തു.
സേവനങ്ങൾ എത്രത്തോളം ഗുണപരമായി ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കലാണ് സന്ദർശനലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ആശുപത്രികളുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. നിർമാണം നടക്കുന്ന കെട്ടിടങ്ങളുടെ പുരോഗതി വിലയിരുത്തി. ആശുപത്രികളിലെ സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സന്ദർശനത്തിലൂടെ വ്യക്തമായ കാര്യങ്ങൾ വിലയിരുത്തി ഓരോ ആശുപത്രികളും സംബന്ധിച്ച റിപ്പോർട്ട് ഉടൻ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ കൂടി സന്ദർശനം പൂർത്തിയാകാനുണ്ട്. അത് പൂർത്തിയാകുന്നതോടെ സംസ്ഥാനാടിസ്ഥാനത്തിൽ ഓരോ ആശുപത്രിയിലും ആവശ്യമായ സൗകര്യങ്ങൾ ഉൾപ്പെടെ വിവരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി പുറത്തുവിടും. ജില്ലതലത്തിൽ റിപ്പോർട്ട് അവലോകനം ചെയ്യും.
ജില്ല ആശുപത്രിയിൽ ജനറൽ ആശുപത്രിയെക്കാൾ സൗകര്യങ്ങൾ ഉണ്ട്. സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ മികച്ച രീതിയിൽ നൽകുന്നു. സൂപ്പർ സ്പെഷാലിറ്റി സേവനങ്ങൾ പൂർണ അടിസ്ഥാനത്തിൽ ജില്ല ആശുപത്രിയിൽ എത്തിക്കും. താലൂക്ക് ആശുപത്രികളെല്ലാം താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തും.
ജില്ല ആശുപത്രിയിലെ പുതിയ കെട്ടിടം 122.24 കോടിയുടെ കിഫ്ബി പദ്ധതിയിൽ ടെൻഡർ ചെയ്തത് ഉടൻ നിർമാണം ആരംഭിക്കുമെന്ന് എം. മുകേഷ് എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എം.എൽ.എയുടെ സഹായത്തിൽ നിർമിക്കുന്ന ബേൺസ് യൂനിറ്റിന് ഉടൻ ലിഫ്റ്റ് സൗകര്യം യാഥാർഥ്യമാകും. ഇതിന് എം.എൽ.എ തുക അനുവദിക്കാമെന്ന് ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു.
ക്രിട്ടിക്കൽ കെയർ യൂനിറ്റിന് ആവശ്യമായ ഫണ്ട് അനുവദിക്കും. പിറവന്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അനുവദിച്ച ആംബുലൻസ് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കാൻ ഡി.എം.ഒക്ക് നിർദേശം നൽകും. ആശുപത്രികളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ല ആശുപത്രിയിൽ ജീവനക്കാരും രോഗികളും പ്രശ്നങ്ങൾ മന്ത്രിയുമായി പങ്കുെവച്ചു. ആവശ്യത്തിന് ജീവനക്കാരില്ല എന്നതാണ് ഇരുകൂട്ടരും പ്രധാനമായും ഉന്നയിച്ച പരാതി.
എം. മുകേഷ് എം.എൽ.എ, അഡീഷനൽ ഡയറക്ടർ ഫാമിലി വെൽഫെയർ എം. മീനാക്ഷി, ഡി.എം.ഒ ഡോ. വസന്തദാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരം സമിതി അധ്യക്ഷൻ ഷാജി, ആശുപത്രി എച്ച്.എം.സി അംഗങ്ങളായ മാജിദ വഹാബ്, നുജുമുദ്ദീൻ അഹമ്മദ്, കുരീപ്പുഴ മോഹൻ, ജീവനക്കാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു. വിക്ടോറിയ ആശുപത്രിയിൽ എത്തിയ മന്ത്രി രോഗികളുമായി സംവദിച്ച് ഉടൻ മടങ്ങി.
കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ‘ലക്ഷ്യ’ പദ്ധതിപ്രകാരം ലോകോത്തര നിലവാരമുള്ള ലേബര്‍ റൂമും അനുബന്ധ സജ്ജീകരണങ്ങളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ശാസ്താംകോട്ട താലൂക്കാശുപത്രിയുടെ മെേറ്റണിറ്റി ബ്ലോക്കിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പുതിയ എമര്‍ജന്‍സി ബ്ലോക്കിന്റെ നിര്‍മാണവും ഉടനടി തുടങ്ങും.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കി ഡിസംബറിനകം പ്രവര്‍ത്തനസജ്ജമാക്കും. നീണ്ടകര താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിടാത്ത വിധം വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണം എന്ന് മന്ത്രി നിർദേശം നൽകി. സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന പുനലൂര്‍ താലൂക്കാശുപത്രി കൂടുതല്‍ സേവനങ്ങളോടെ ആധുനീകരിക്കും.
തീരദേശമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ മുൻനിർത്തി നെടുങ്ങോലം താലൂക്കാശുപത്രിയിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് പ്രത്യേക മാതൃക േപ്രാജക്റ്റ് തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സന്ദർശനം നടത്താൻ കഴിയാത്ത പത്തനാപുരം, കൊട്ടാരക്കര താലൂക്കാശുപത്രികളിൽ മറ്റൊരുദിവസം സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.