കൊല്ലം: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും മീതെ പരിസരവാസികളുടെ ജീവനും സ്വത്തിനുമുള്ള അവകാശങ്ങൾ നിലനിർത്തണമെന്നത് ഗ്രാമ പഞ്ചായത്തിന്റെ ധാർമിക ബാധ്യതയാണെന്ന് മനുഷ്യാവകാശ കമീഷനംഗം വി.കെ. ബീനാകുമാരി.
വാനരന്മാരുടെ ആവാസമേഖലയിൽ ജനങ്ങൾ വീടുവെച്ചതുകൊണ്ടാണ് ജനവാസമേഖലയിൽ വാനരശല്യം രൂക്ഷമായതെന്ന പഞ്ചായത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് കമീഷന്റെ പ്രതികരണം. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ വാനരശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ സമർപ്പിച്ച പരാതിക്കുള്ള വിശദീകരണത്തിലാണ് പഞ്ചായത്ത് ഇക്കാര്യം കമീഷനെ അറിയിച്ചത്.
വാനരൻമാരെ കൂട്ടത്തോടെ പുനരധിവസിപ്പിക്കുന്നത് ആസാധ്യമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. എന്നാൽ വാനരൻമാർ കൃഷിയിടങ്ങളിലും മറ്റും ഇറങ്ങി കൃഷിനാശം വരുത്തുന്നതും പൊതുജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നതുമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ അവലോകനം നടത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. അറയ്ക്കൽ ഇടയം സ്വദേശി എസ്. ദാമോദരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
മലമേൽ ടൂറിസം മേഖല ഉൾപ്പെടുന്ന വാർഡും പരിസര പ്രദേശങ്ങളും മുമ്പ് വാനരൻമാരുടെ ആവാസമേഖലയായിരുന്നെന്നും വരുംവർഷത്തെ പദ്ധതി പഞ്ചായത്ത് തയാറാക്കുമ്പോൾ ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് സസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും. വാനരൻമാർക്ക് സ്വൈരമായി ജീവിക്കാനുള്ള ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാനരഭൂമിയായ നാടുകാണിപ്പാറയും കാടുകളും നശിപ്പിച്ച് ടൂറിസം നടപ്പാക്കിയതാണ് വാനരൻമാരുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചതെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.