1. ചെ​റു​മീ​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പ് നടത്തിയ പ​രി​ശോ​ധ​ന 2. പി​ടി​കൂ​ടി​യ ചെ​റു​മ​ത്സ്യം

ചെറുമീനുകളെ പിടിച്ചാൽ പിടിവീഴും

കൊല്ലം: മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായ ചെറുമീൻ പിടിത്തത്തിനെതിരെ (ജുവനൈൽ ഫിഷിങ്) കർശന നടപടിയുമായി ജില്ല ഫിഷറീസ് വകുപ്പ്. ഈ സാമ്പത്തികവർഷത്തിൽ മാത്രം ചെറുമീൻ പിടിച്ച 23 മത്സ്യബന്ധന യാനങ്ങൾക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം 1980 (ഭേദഗതി 2018) അനുസരിച്ച് നിയമനടപടി സ്വീകരിച്ചു.

വള്ളങ്ങളിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലംചെയ്ത വകയിലുള്ള 2.54 ലക്ഷം രൂപയും ഉൾപ്പെടെ 12.34 ലക്ഷം രൂപ സർക്കാറിലേക്ക് അടപ്പിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലമായ മൺസൂൺ കാലയളവിൽ മത്സ്യസമ്പത്തി‍െൻറ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ യന്ത്രവത്കൃത യാനങ്ങൾ ഉപയോഗിച്ചുള്ള ട്രോളിങ് നിരോധിച്ചിരിക്കുന്നതിനിടെയാണ് കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചുള്ള ചെറുമീൻപിടിത്തം വ്യാപകമാകുന്നതായി ഫിഷറീസ് വകുപ്പി‍െൻറ ശ്രദ്ധയിൽപെട്ടത്. മറൈൻ എൻഫോഴ്സ്മെന്‍റ് വിഭാഗത്തി‍െൻറ സഹായത്തോടെ പട്രോളിങ് ശക്തമാക്കിയാണ് അശാസ്ത്രീയമായ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിച്ചത്.

തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വള്ളങ്ങൾക്കെതിരെയാണ് ഫിഷറീസ് വകുപ്പ് നിയമലംഘനത്തിന് പിഴ ഈടാക്കിയിട്ടുള്ളത്. മത്സ്യസമ്പത്തി‍െൻറ സുസ്ഥിര ഉൽപാദനത്തിനും സംരക്ഷണത്തിനുമായി വാണിജ്യവ്യാവസായിക പ്രാധാന്യമുള്ളതും ഉൽപാദനം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുള്ളതുമായ 58 ഇനം മത്സ്യ/ചെമ്മീൻ/കണവ/കക്ക ഇനങ്ങളുടെ മത്സ്യബന്ധനത്തിന് അനുവദനീയമായ കുറഞ്ഞ നീളം നിജപ്പെടുത്തി സർക്കാർ ഉത്തരവായിട്ടുണ്ട്.

അതിലും കുറഞ്ഞ വലിപ്പത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് അത്തരം മത്സ്യങ്ങളുടെ നാശത്തിന് തന്നെ കാരണമാകുന്നതിനാലാണ് ഇത്തരത്തിലുള്ള അശാസ്ത്രീയമായ മത്സ്യബന്ധന രീതികൾ നിയമംമൂലം നിരോധിച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പ് പരിശോധനയിൽ കണ്ടെത്തുന്ന യാനങ്ങളിലെ ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമീനുകളെ തിരികെ കടലിലേക്ക് ഉപേക്ഷിക്കുകയും ഭക്ഷ്യയോഗ്യമായവയെ ലേലം ചെയ്ത് വിൽക്കുകയുമാണ് ചെയ്യുന്നത്.

നിയമലംഘനങ്ങൾ ആവർത്തിക്കുന്ന പക്ഷം അത്തരം യാനങ്ങളുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഭാവി തലമുറക്ക് കൂടി പ്രയോജനപ്പെടേണ്ട മത്സ്യസമ്പത്തി‍െൻറ സുസ്ഥിര സംരക്ഷണം ഓരോ മത്സ്യത്തൊഴിലാളിയുടെയും ഉത്തരവാദിത്തമാണ് എന്ന ബോധത്തോടെ ഇത്തരം വിനാശകരമായ മത്സ്യബന്ധന രീതികളിൽ നിന്നും വിട്ടുനിൽക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിവരം ഫിഷറീസ് വകുപ്പി‍െൻറ 04 76 -2680036 19496007036ൽ അറിയിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ അറിയിച്ചു.

Tags:    
News Summary - If you catch small fish, you will get caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.