കൊട്ടാരക്കര: നെടുവത്തൂർ സർവിസ് സഹകരണബാങ്കിൽ വ്യാപക ക്രമക്കേടെന്ന് സഹകരണവകുപ്പിെൻറ അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട്, നടപടിക്ക് മുന്നോടിയായി നോട്ടീസ് നൽകി. സി.പി.ഐ നേതൃത്വം നൽകുന്ന ബാങ്കിൽ 2015 മുതൽ കോടികളുടെ ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. സ്ഥിരനിക്ഷേപങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്.
ക്രമക്കേടുകൾ സംബന്ധിച്ച് വ്യാപക പരാതി ഉണ്ടാകുകയും വിവിധ സംഘടനകൾ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞ ജീവനക്കാരെൻറ പിതാവാണ് മുഖ്യമന്ത്രിക്കും ജോ.രജിസ്ട്രാർക്കും പരാതി നൽകിയിരുന്നത്. ഇതിനെതുടർന്നായിരുന്നു അന്വേഷണം. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബിനാമി പേരുകളിൽ കോടിക്കണക്കിന് രൂപയുടെ വായ്പകളാണ് എടുത്തത്. മരിച്ച ജീവനക്കാരൻ ക്രമക്കേട് നടത്തിയിരുന്നെന്നും ആശ്രിത നിയമനമടക്കം നൽകില്ലെന്നും കാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ചില ബിനാമി വായ്പകളുടെ തുകയായി 75 ലക്ഷം രൂപ അടപ്പിച്ചിരുന്നു.
എന്നാൽ, ഇയാൾ മരിച്ചശേഷവും അയാളുടെ പേരിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക നിലവിലുണ്ട്. ഒരാൾക്ക് അനുവദിക്കാവുന്ന പരമാവധി വായ്പ അഞ്ച് ലക്ഷം രൂപയായിരിക്കെ പല പേരുകളിലും പത്ത് ലക്ഷവും അതിലധികവും വായ്പയാണ് നൽകിയിരുന്നത്. പത്ത് ലക്ഷം രൂപയുടെ ചിട്ടികൾ മിക്കതും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബന്ധുക്കളുമാണ് ലേലം ചെയ്യാതെ കൈവശപ്പെടുത്തിയത്. രണ്ട് വ്യവസായികൾ നിക്ഷേപിച്ച 22 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന അവരുടെ പരാതിയും നൽകിയിട്ടുള്ളതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുകയും ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും സി.പി.ഐ നേതൃത്വം അവരെ സംരക്ഷിച്ചതിൽ പ്രതിഷേധിച്ച് മുൻ ബാങ്ക് പ്രസിഡൻറും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമടക്കം സി.പി.ഐയിൽനിന്ന് രാജിെവച്ചിരുന്നു.
സംസ്ഥാന സർക്കാറിെൻറ ക്ഷേമ പെൻഷൻ വിതരണത്തിലും വീഴ്ചകളുണ്ടാകുന്നെന്ന പരാതി ഇപ്പോൾ വ്യാപകമായുണ്ട്. സഹകരണവകുപ്പ് ജോ.രജിസ്ട്രാറുടെ നോട്ടീസ് ഭരണസമിതി അംഗങ്ങൾക്കും മുൻ ഭരണസമിതി അംഗങ്ങൾക്കും ലഭിച്ചിട്ടുണ്ട്. ആക്ഷേപമുന്നയിക്കാൻ ആഗസ്റ്റ് 11ന് ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുണ്ട്. ഇതിനുശേഷം അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തുമെന്നാണ് സൂചന.
കിഴക്കേ കല്ലട സഹകരണ ബാങ്കിൽ ക്രമക്കേട്
കുണ്ടറ: കിഴക്കേ കല്ലടയിലും പരേതക്ക് പെൻഷൻ 'നേരിട്ട്' എത്തിച്ച് കിഴക്കേകല്ലട സൗത്ത് സർവിസ് സഹകരണ ബാങ്ക്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. നിലവിൽ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കാണിത്. കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ മരിക്കുന്നത് 2020 ഫെബ്രുവരി 31നാണ്. ഇവർക്ക് വിധവാ പെൻഷൻ നൽകിയിരുന്നത് കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിൽ നിന്നായിരുന്നു. തങ്കമ്മ മരിച്ചതിനാൽ 2019 ഡിസംബർ മുതൽ 2020 ജൂൺ വരെയുള്ള പെൻഷൻ നൽകിയിട്ടില്ല. എന്നാൽ 2020 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പെൻഷൻ 2600 രൂപ ഇവർ 'കൈപ്പറ്റി'യതായി കണ്ടെത്തിയിട്ടുണ്ട്. 2018 േമയ് 27ന് മരിച്ച സെലീന എന്ന ഗുണഭോക്താവിന് 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെയുള്ള 2400 രൂപ പെൻഷൻ മരണശേഷം 'നേരിട്ട് വിതരണം നടത്തി'യതായും കണ്ടെത്തി.
ഈ തുകകൾ ബാങ്കിലെ തന്നെ താൽക്കാലിക ജീവനക്കാരി വിതരണം നടത്തിയതായാണ് കാണിച്ചിട്ടുള്ളത്. ഇത് പണാപഹരണമായി വിലയിരുത്തുന്നതിനാൽ െപാലീസിൽ പരാതി നൽകണമെന്നും പെൻഷൻവിതരണത്തിൽ വിശദമായ പരിശോധന നടത്തണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതുകൂടാതെ മരിച്ച നാല് ഗുണഭോക്താക്കളുടെ പെൻഷൻ വിതരണത്തിനായി 67600 രൂപ കിഴക്കേ കല്ലടയിലെ സഹകരണ ബാങ്കുകൾക്ക് സർക്കാർ അനുവദിച്ചതായും ഈ തുക തിരിച്ച് അടച്ചതായി ഉറപ്പുവരുത്തണമെന്നും പഞ്ചായത്തിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പും കിഴക്കേ കല്ലട സൗത്ത് സർവിസ് സഹകരണ ബാങ്കിൽ ലോൺ എഴുതിത്തള്ളുന്നതിലും പലിശ സബ്സിഡി നൽകുന്നതിലും വ്യാജപേരിൽ വായ്പ നൽകിയതിലും 33 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഭരണസമിതിയെ പിരിച്ചുവിട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണം മൂന്ന് വർഷമായി ഇഴഞ്ഞുനീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.