കുളത്തൂപ്പുഴ: വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലെത്തുന്നത് തടയാൻ വനം വകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടാന തകര്‍ത്തു. രണ്ടു മാസം മുമ്പാണ് കുളത്തൂപ്പുഴ ഡീസന്റുമുക്കില് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് സെന്‍ട്രല്‍ നഴ്സറിക്ക് ചുറ്റും സൗരോര്‍ജ്ജ വേലി സ്ഥാപിച്ചത്.
പകല്‍ സമയം സമീപത്തെ തേക്ക് പ്ലാന്റേഷനില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടം നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഇരുമ്പ് വേലി ചവിട്ടി മറിച്ച് കമ്പികള്‍ക്കിടയിലൂടെ നഴ്സറി പ്രദേശത്തേക്ക് കടന്നത്. ഇതോടെ സൗരോര്‍ജവേലി മൃഗങ്ങളെ തടയുമെന്ന പ്രതീക്ഷയും തകർന്നെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും പ്രദേശത്തെ വിവിധ കോളനികള്‍ക്കും ജനവാസ മേഖലകള്‍ക്ക് ചുറ്റുമായി വന്‍തുക മുടക്കി വനം വകുപ്പ് സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം അറ്റകുറ്റ പണികളും സംരക്ഷണവുമില്ലാതെ നശിച്ചു. ആദിവാസി കോളനികളിലേക്കും ജനവാസ മേഖലയിലേക്കും പോകുന്ന പാതയോരത്ത് ഇക്കുറി സൗരോര്‍ജ വേലി സ്ഥാപിച്ചത് പ്രദേശവസികള്‍ ഏറെ ആശ്വാസത്തോടെയാണ് കണ്ടത്.
എന്നാല്‍ കണ്മുന്നില് കാട്ടാനക്കൂട്ടം പുതിയ വേലി തകർത്ത് കടന്നതോടെ ഭീതിയിലാണ് നാട്ടുകാർ. പ്രദേശത്ത് കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും സാന്നിദ്ധ്യമുണ്ട്.
അറ്റകുറ്റ പണികൾക്കും തുടര്‍ സംരക്ഷണത്തിനും നടപടി സ്വീകരിക്കാത്തതും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് സൗരോര്‍ജ വേലികള്‍ നശിക്കുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.