കൊല്ലം: വീട്ടിനകത്ത് മക്കളെ കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ച വിവരം ഞെട്ടലോടെയാണ് കൊല്ലം നഗരവാസികൾ കേട്ടത്. മരിച്ചത് പട്ടത്താനം ജവഹർനഗറിൽ ചെമ്പകശ്ശേരിയിൽ ജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ(ഒമ്പത്), മകൾ ദേവനന്ദ(നാല്) എന്നിവരാണെന്ന് പുറത്തുവന്നതോടെ ജവഹർനഗറിലേക്ക് പരിചയക്കാരുടെയും നാട്ടുകാരുടെയും ഒഴുക്കായി. രാവിലെ എട്ടോടെയാണ് മരണവിവരം പുറംലോകമറിഞ്ഞത്. ഭാര്യ ഡോ. ലക്ഷ്മി കൃഷ്ണനുമായുള്ള കുടുംബപ്രശ്നെത്തതുടർന്നാണ് പ്രമോദ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യചെയ്തതെന്ന് ബന്ധുക്കളും പൊലീസും വ്യക്തമാക്കുന്നു.
ജോസ് പ്രമോദും മക്കളും ഭാര്യ ലക്ഷ്മിക്ക് വീട്ടുകാർ നൽകിയ ജവഹർനഗറിലെ വീട്ടിൽ ഒരുവർഷം മുമ്പാണ് താമസത്തിനെത്തിയത്. നഗരത്തിനടുത്ത സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന ലക്ഷ്മി ജോലിരാജിെവച്ച് എം.ഡി പ്രവേശനപരീക്ഷയുടെ തയാറെടുപ്പിനായി സമീപത്തെ ഹോസ്റ്റലിലേക്ക് മാറിയതോടെ പ്രമോദും മക്കളും മാത്രമായിരുന്നു വീട്ടിൽ. ഇതിനിടയിൽ ഭാര്യയുമായി പ്രശ്നങ്ങളുള്ള വിവരം ഏതാനും ദിവസം മുമ്പ് പ്രമോദ് സഹോദരനോട് ഉൾപ്പെടെ പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാത്രിയിലും ഇതുസംബന്ധിച്ച് തന്നോട് സംസാരിച്ചതായി സഹോദരൻ ജോസ് പ്രകാശ് പറഞ്ഞു. തുടർന്ന് രാത്രി 11ഓടെ താൻ ഉറങ്ങിയെന്നും വാട്സ്ആപ്പിൽ ഒന്നരക്ക് പ്രമോദ് അയച്ച മെസേജ് കണ്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രാവിലെ ആറരയോടെ ലക്ഷ്മിയുടെ മാതാവാണ് പ്രമോദ് മകൾക്ക് മെസേജ് അയച്ചെന്നും വിളിച്ചിട്ട് എടുക്കുന്നില്ലെന്നും വീട്ടിൽ പോയി നോക്കണമെന്നും ആവശ്യപ്പെട്ട് സഹോദരനെ വിളിച്ചത്. സ്ഥലത്ത് എത്തുമ്പോൾ പൂട്ടിയ ഗേറ്റിന് പുറത്ത് ലക്ഷ്മിയുടെ പിതാവും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. തുടർന്ന് മതിൽ ചാടിക്കടന്ന് വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് പ്രമോദ് തൂങ്ങിനിൽക്കുന്നത് കണ്ടത്. അപ്പോഴേക്കും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തിയിരുന്നു. പുറത്തുനിന്ന് കുട്ടികളെ കണ്ടിരുന്നില്ല. കുട്ടികൾ ഉറങ്ങുകയാകുമെന്നാണ് എല്ലാവരും കരുതിയത്.
വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് കതകുതകർത്ത് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ സ്റ്റെയർകേസിൽ കണ്ടത്. പൊലീസ് നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് 12.30 കഴിഞ്ഞാണ് മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.