കൊല്ലം: രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ ജില്ലക്കുള്ള പുരസ്കാരം നേടി കൊല്ലം. മത്സ്യബന്ധനമേഖലയിലെ സമഗ്ര ഇടപെടലുകള്‍ പരിഗണിച്ചാണിത്. സമുദ്ര മത്സ്യ ഉൽപാദനത്തിലെ വര്‍ധന, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമുള്ള പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് ജില്ലയെ ഒന്നാമതെത്തിച്ചത്.
ജില്ലയിൽ മത്സ്യബന്ധനമേഖലയില്‍ അടുത്തകാലത്തായി സമഗ്രവികസനമാണ് നടപ്പാക്കിയത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി ജില്ലയില്‍ 25.5 കോടി രൂപയുടെ ഭവനനിര്‍മാണപദ്ധതികൾ നടപ്പാക്കിയിരുന്നു. 525 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അതുവഴി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി.
2016-17 വര്‍ഷത്തിലും 309 കുടുംബങ്ങള്‍ക്ക് 6.18 കോടി രൂപയുടെ ഭവനനിര്‍മാണ പദ്ധതി നടപ്പാക്കിയിരുന്നു. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ‘അഭയം’ പാക്കേജ് വഴി അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 48.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഫിഷറീസ് വകുപ്പുവഴി വിതരണം ചെയ്തു.
വേലിയേറ്റരേഖയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്നവരെ സുരക്ഷിതമേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് പുനര്‍ഗേഹം പദ്ധതി തയാറാക്കി. പുനരധിവാസത്തിന്റെ ഭാഗമായി വ്യക്തിഗത വീട് നിര്‍മാണം, ഫ്ലാറ്റ് സമുച്ചയ നിര്‍മാണം എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ച 358 കുടുംബങ്ങളില്‍ സ്വന്തമായി സ്ഥലം കണ്ടെത്തിയ 91 ഗുണഭോക്താക്കള്‍ക്ക് 7.15 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കിയതായും ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നു.
മത്സ്യബന്ധനത്തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍, നാവിക്, ജി.പി.എസ്, ലൈഫ് ബോയ് തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഹയര്‍സെക്കന്‍ഡറി തലം മുതല്‍ മുകളിലേക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിന് ഇ-ഗ്രാന്റ്സ് പദ്ധതി നടപ്പാക്കി. കൂടാതെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള നിരവധി വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയും നടപ്പാക്കി. ശുദ്ധജല മത്സ്യ ഉൽപാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പുതിയ രണ്ട് മത്സ്യ വിത്തുൽപാദനകേന്ദ്രങ്ങള് തുടങ്ങി. അഷ്ടമുടിക്കായല്‍ സമ്പത്ത് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ‘അഷ്ടമുടിക്കായല്‍ മത്സ്യസമ്പത്ത് സംരക്ഷണ പരിപാലനപദ്ധതി’ നടപ്പാക്കിയതും നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.