കൊല്ലം: ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ ഹൈകോടതി ഉത്തരവിട്ട കൊല്ലം പൂരം വെടിക്കെട്ടിന് നിബന്ധനകള്‍ പുറപ്പെടുവിച്ച് എ.ഡി.എം ബീനാറാണി ഉത്തരവായി. നിബന്ധനകള്‍ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ഉറപ്പു വരുത്താന്‍ ജില്ല പൊലീസ് മേധാവി, സബ് കലക്ടര്‍, ജില്ല ഫയര്‍ ഓഫിസര്‍, കൊല്ലം തഹസില്‍ദാര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തണം.
15 കിലോഗ്രാം കരിമരുന്ന് മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ടിന് മുമ്പ് വെടിമരുന്ന് രാസപരിശോധനക്ക് വിധേയമാക്കി നിരോധിത രാസവസ്തുക്കള്‍ ഉണ്ടോയെന്ന് ജില്ല പൊലീസ് മേധാവി പരിശോധിക്കേണ്ടതാണ്. സുരക്ഷയുടെ ഭാഗമായി അഗ്നിരക്ഷാ സേനയുടെയും ആംബുലന്‍സിന്റെയും സേവനം ലൈസന്‍സി സ്വന്തം ചെലവില്‍ ഏര്‍പ്പെടുത്തണം.
കൂടാതെ ആവശ്യമായ അഗ്നശമന ഉപകരണങ്ങളും ജലലഭ്യതയും ഉറപ്പുവരുത്തേണ്ടതും ലൈസന്‍സിയാണ്. മത്സര കമ്പങ്ങള് ഒരു കാരണവശാലും നടത്തരുത്. കരിമരുന്ന് പ്രദര്‍ശനത്തില്‍ ഉഗ്രസ്ഫോടനശേഷിയുള്ളതും നിരോധിക്കപ്പെട്ടതും ഗാഢതകൂടിയതുമായ സ്ഫോടക വസ്തുക്കളായ ഗുണ്ട്, കുഴിമിന്നല്‍, ഡൈനാമിറ്റ് മുതലായവ ഉപയോഗിക്കുന്നില്ലെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പ് വരുത്തണം.
വെടിക്കെട്ട് നടത്തുന്നിടത്തുനിന്ന് 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിക്കണം. താലൂക്ക് പരിധിയിലെ പൊലീസ്, റവന്യൂ ജീവനക്കാരുടെ പ്രത്യേക സംഘം രൂപവത്കരിച്ച് വെടിക്കെട്ട് സ്ഥലത്ത് കര്‍ശന പരിശോധന നടത്തണം. കൂടാതെ 250 മീറ്റര്‍ ദൂരപരിധിയിലെ വീടുകളിലെ താമസക്കാരെ കരിമരുന്ന് പ്രദര്‍ശന സമയത്ത് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പ് പൊലീസ് ഒഴിപ്പിക്കണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.