കൊല്ലം: പ്രതീക്ഷകൾ നിറഞ്ഞ പ്രഖ്യാപനങ്ങളുമായി കൊല്ലത്തിന്‍റെ സ്വന്തം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ആദ്യ സമ്പൂർണ ബജറ്റിൽ ജില്ലക്ക് ലഭിച്ചത് ഒരുപിടി പദ്ധതികൾ. കൊല്ലത്തിന്‍റെ പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖല മുതൽ ഐ.ടി പദ്ധതികളിൽവരെ കൊല്ലത്തിന് പങ്ക് നീക്കിവെച്ചിട്ടുണ്ട്.
റോഡ്, തുറമുഖ, ടൂറിസം, വിദ്യാഭ്യാസ വികസനങ്ങളിൽ ജില്ലയുടെ വർഷങ്ങളായുള്ള സ്വപ്നങ്ങളും ആവശ്യങ്ങളും സ്പർശിച്ചാണ് ബജറ്റ് കടന്നുപോകുന്നത്. എന്നാൽ, പ്രഖ്യാപനങ്ങൾ നടപ്പാകുമ്പോഴേ ഈ പദ്ധതികൾ കൊണ്ട് കൊല്ലത്തിന് പ്രയോജനമുള്ളൂ. മുൻകാല ബജറ്റുകളിലും പല പ്രഖ്യാപനങ്ങളും ഉണ്ടാകുകയും പലതും നടപ്പാകാതെ പോയതും പാതിയിൽ നിൽക്കുന്നതും അനുഭവവും ജില്ലക്കുണ്ട്. ഐ.ടി, റോഡ് വികസനം ഉൾപ്പെടെ പ്രഖ്യാപനങ്ങൾ നടപ്പായാൽ ജില്ലയുടെ വളർച്ചക്ക് മുതൽക്കൂട്ടാകും എന്നതും ഉറപ്പാണ്. അതേസമയം, ജില്ലയിലെ വ്യാപാര-വ്യവസായ സമൂഹത്തിനെ ബജറ്റ് തൃപ്തിപ്പെടുത്തിയിട്ടില്ല.
തങ്ങൾ ഇപ്പോഴും സർക്കാറിന്‍റെ കണ്ണിന് പുറത്താണെന്ന പരിഭവം ഈ മേഖലയിൽനിന്ന് ഉയർന്നിട്ടുണ്ട്.
കൊല്ലം: ജില്ലയിൽ നിന്നുള്ള ധന വകുപ്പ് മന്ത്രി അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്ക്ക് നിരാശ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്. ആരോഗ്യരംഗത്ത് ജില്ലയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഗവ. മെഡിക്കൽ കോളജിന് പര്യാപ്തമായ ഫണ്ട് അനുവദിക്കാതെ സ്വകാര്യ മേഖലയെ സഹായിക്കാനാണ് ശ്രമം.
ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങൾക്കും, കെ.എം.എം.എൽ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾക്കും പര്യാപ്തമായ ഫണ്ട് ബജറ്റിൽ നീക്കിവെച്ചില്ല. മത്സ്യത്തൊഴിലാളി മേഖലയെ സഹായിക്കാമെന്ന പേരിൽ കൊണ്ടുവരുന്ന പദ്ധതികൾ ബജറ്റ് പ്രഖ്യാപനങ്ങളിൽ മാത്രം മുൻകാല അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: ജില്ലക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ.
ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനോ പരമ്പരാഗത വ്യവസായ മേഖലയുടെ പുനുദ്ധാരണത്തിനോ ബജറ്റിൽ ഒന്നും വകയിരുത്തിയിട്ടില്ല. കശുവണ്ടി മേഖലയിൽ പലിശരഹിത വായ്പ എന്ന് പറയുന്നതല്ലാതെ വ്യക്തമായ നിർദേശങ്ങൾ ഇല്ല. വലിയ വെല്ലുവിളി നേരിടുന്ന മൺറോതുരുത്തിന് രണ്ട് കോടി രൂപ അനുവദിച്ചത് അവിടുത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: കൊല്ലത്തിന്‍റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയർ, മേഖലകൾക്കും പ്രധ്യാനം നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട ചെറുകിട, ഇടത്തരം കശുവണ്ടി ഫാക്ടറികൾക്ക് പ്രവർത്തന മൂലധനവും ആധുനികവത്കരണത്തിനുള്ള മൂലധന സഹായവും പലിശസഹായവും നൽകുന്നതിനാണ് മുൻതൂക്കം. ഇത്തരം യൂനിറ്റുകളുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി, സംസ്ഥാന കശുവണ്ടി വികസന കോർപറേഷന് ആറ് കോടി, കാപെക്സിന് നാല് കോടി, കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷന് 7.15 കോടി, കേരള കാഷ്യു ബോർഡിന് 40.85 കോടി, നൂതനമായ അൾട്രാ ഹൈ ഡെൻസിറ്റി കശുമാവ് നടീൽ രീതി അവലംബിച്ച് പൈലറ്റ് പ്രോജക്ട് നടപ്പാക്കാനുള്ള പുതിയ പദ്ധതിക്ക് ഏഴ് ലക്ഷം, ബാങ്ക് ലോണുകൾക്ക് പലിശയിളവിനും തൊഴിൽ നൽകുന്നതിനനുസരിച്ച് മറ്റ് പ്രോത്സാഹന പദ്ധതികൾ നടപ്പാക്കാനുമായി 30 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തൽ.
സ്വകാര്യ കശുവണ്ടി വ്യവസായ മേഖല പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതിന് ഈ പദ്ധതികൾ സഹായകമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. അതേസമയം, സ്വകാര്യമേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ച തുകയിൽ പാക്കേജ് നടപ്പാക്കാനാകില്ലെന്ന പ്രതികരണമാണ് കശുവണ്ടി വ്യവസായികൾക്ക്. മുമ്പ് പ്രഖ്യാപിച്ച പല കോടികളും പ്രയോജനപ്പെട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കയർ മേഖലക്ക് 117 കോടി വകയിരുത്തിയതും ജില്ലക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ചവറ: സംസ്ഥാന ബജറ്റില്‍ ചവറ മണ്ഡലത്തിന് 20 വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു. കാവനാട്- പുത്തന്‍തുരുത്ത് - കണക്കന് തുരുത്ത് പാലത്തിന് അഞ്ച് കോടി അനുവദിച്ചു. ശക്തികുളങ്ങര തുരുത്ത് നിവാസികളുടെ മുക്കാട്-കാവനാട്-ഫാത്തിമ ഐലൻഡ്, അരുളപ്പന്‍തുരുത്ത് പാലം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ചവറ ഗവ. കോളജിന് പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന് 6.5 കോടി രൂപ അനുവദിച്ചു. ചവറ കെ.എം.എം.എല്‍ - മലിനീകരിക്കപ്പെട്ട ഭൂമി ഏറ്റെടുക്കല്‍, ചവറ ശങ്കരമംഗലം ഫുട്ബാള്ഗ്രൗണ്ട് ആധുനീകരണവും അനുബന്ധപ്രവൃത്തികളും ചവറ ശങ്കരമംഗലത്ത് കോടതി സമുച്ചയവും ജുഡീഷ്യല്‍ വിഭാഗം ക്വാര്‍ട്ടേഴ്സും, ചവറ ശങ്കരമംഗലത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ്- ഫ്ലാറ്റ് സമുച്ചയം, തെക്കുംഭാഗം -സെന്റ് ജോസഫ് ഐലൻഡ് - പുളിമൂട്ടില്‍ കടവ് തൂക്കുപാലം, മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മഗൃഹം ഏറ്റെടുക്കല്‍ തുടങ്ങിയ പദ്ധതികൾ ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി എം.എൽ.എ അറിയിച്ചു.
ശാസ്താംകോട്ട: ബജറ്റിൽ കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന് 283.5 കോടിയുടെ പദ്ധതി പ്രഖ്യാപനമുണ്ടായതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. വിവിധ റോഡ് നിർമാണം, പാലം നിർമാണം, കല്ലടയാർ സംരക്ഷണം, ടൂറിസം വികസനം എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്.
ഗവ. എൻജിനീയറിങ് കോളജിന് അഞ്ച് കോടി, കാലിത്തീറ്റ ഫാക്ടറിക്ക് ഏഴ് കോടി, പടി. കല്ലടയിലെ സോളാർ പദ്ധതിക്ക് ഏഴ് കോടി, താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ച് കോടി, ബി.ആർ.സിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി, പഴം-പച്ചക്കറി ശീതീകരണ - സംസ്കരണ യൂനിറ്റിന് നാല് കോടി, ഫയർ സ്റ്റേഷന് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, മൺറോതുരുത്ത് പരിസ്ഥിതി സൗഹാർദ ഭവന നിർമാണത്തിന് രണ്ട് കോടി, ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഇരവിപുരം: മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ മൂന്നരക്കോടി രൂപ കൂടി അനുവദിച്ചതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. കോർപറേഷനിലെ പുന്തലത്താഴം രണ്ടാംനമ്പർ-പഞ്ചായത്തുവിള റോഡിന്‍റെ പുനരുദ്ധാരണത്തിന് രണ്ടരക്കോടി രൂപയും തട്ടാമല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയകെട്ടിടം നിർമിക്കാൻ ഒരു കോടി രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളാണിത്. പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതി ലഭിച്ചത്.
പുനലൂർ: പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദിഷ്ട ബൈപാസ് നിർമാണമടക്കം മണ്ഡലത്തിലെ നിരവധി പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പണം വകയിരുത്തിയതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ബൈപാസ് നിർമാണത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കുന്നതിന് 25 കോടി രൂപയാണ് അടങ്കൽ അനുവദിച്ചത്.
തീർഥാടന സർക്യൂട്ടിൽ പുനലൂർ നിയോജക മണ്ഡലത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി. പുനലൂർ ആയുർവേദ ആശുപത്രി കെട്ടിട നിർമാണത്തിനായി ഒന്നരക്കോടി രൂപ അടങ്കൽ അനുവദിച്ചതിൽ 30 ലക്ഷം രൂപ തുക വകയിരുത്തി. മധുരപ്പ- വയ്ക്കൽ റോഡ് നിർമാണത്തിന് ആറുകോടി, അച്ചൻകോവിൽ ഗസ്റ്റ്ഹൗസ് നിർമാണത്തിന് രണ്ടുകോടി, പുനലൂർ കൊമേഴ്സ്യൽ ഇൻസ്റ്റ്യൂട്ട് കെട്ടിട നിർമാണത്തിന് അഞ്ച് കോടി, വിളക്കുപാറ മാവിള റോഡിൽ മാവിള തടിക്കാട് റോഡ് നിർമാണത്തിന് പത്തുകോടി, പുനലൂർ- കക്കോട്- ചെങ്കുളം റോഡ് നിർമാണത്തിന് ഏഴുകോടി, അഞ്ചൽ- ഇട്ടിവ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന് മൂന്നു കോടി, കുളത്തൂപ്പുഴ ഗസ്റ്റ്ഹൗസ് നിർമാണത്തിന് അഞ്ച് കോടി, കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെൻറർ നിർമാണത്തിന് അഞ്ച് കോടി, കുളത്തൂപ്പുഴ ഗണപതി അമ്പലം സാംനഗർ റോഡ് നിർമാണത്തിന് ഏഴരക്കോടി, പുനലൂർ- ചാലിയക്കര റോഡ് നിർമാണത്തിന് ഒമ്പതര കോടി, പുനലൂർ ടൗൺ ലിങ്ക് റോഡുകളുടെ ഭൂമി ഏറ്റെടുക്കുന്നതിന് ഒമ്പത് കോടി, വിളക്കുപാറ- തടിക്കാട് റോഡിൽ മണൽപച്ച മുതൽ ആർച്ചൽവരെയുള്ള ഭാഗം നിർമിക്കാൻ മൂന്നേകാൽ കോടി, ഇടമുളയ്ക്കൽ -തടിക്കാട് റോഡ് നിർമാണത്തിന് നാലുകോടി, അഗസ്ത്യക്കോട് -ആലംഞ്ചേരി റോഡ് നിർമാണത്തിന് മൂന്നുകോടി, പുനലൂർ മൃഗാശുപത്രി കെട്ടിടം നിർമാണത്തിന് മൂന്നു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
കടയ്ക്കൽ: ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസനത്തിന് വിവിധ പദ്ധതികളിൽ പലതിനും ബജറ്റിൽ തുക അനുവദിച്ചു. കടയ്ക്കലിൽ കോടതി സമുച്ചയം നിർമിക്കുന്നതിന് മൂന്ന് കോടി രൂപ ഉൾക്കൊള്ളിച്ചു.
വർക്കല - കുറ്റാലം റോഡ് പദ്ധതിയിൽപ്പെടുത്തി പാരിപ്പള്ളി -മടത്തറ റോഡിനെ ടൂറിസം റോഡായി വികസിപ്പിക്കുന്നതിന് 50 കോടി, ഓയൂര്‍ ടൗൺ വികസനത്തിനായി മൂന്ന് കോടി, ആലഞ്ചേരി- ഓന്തുപച്ച റോഡ് നവീകരണത്തിന് 12 കോടി, ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടത്തിനായി അഞ്ച് കോടി, കടയ്ക്കൽ, ചടയമംഗലം സ്റ്റേഡിയങ്ങളുടെ വികസനത്തിനായി അഞ്ച് കോടി വീതം, ബീഡിമുക്ക് -ചണ്ണപ്പേട്ട -കൈതോട് - പോരേടം റോഡിന് 10 കോടി, വെളിനല്ലൂര്‍, നിലമേല്‍ സി.എച്ച്.സികൾക്കായി 10 കോടി, കടയ്ക്കല്‍ പട്ടണത്തിലെ ലിങ്ക് റോഡുകളുടെ നവീകരണത്തിന് 10 കോടി, മടത്തറ, ചടയമംഗലം റെസ്റ്റ് ഹൗസ് നിർമാണത്തിന് നാല് കോടി, അമ്പലംമുക്ക് - തേവന്നൂര്‍ -മത്തായിമുക്ക് റോഡ് നവീകരണത്തിന് 10 കോടി, കടയ്ക്കല്‍ പൊലീസ് ക്വാട്ടേഴ്സ് നിര്‍മാണത്തിന് രണ്ട് കോടി, കുമ്മിള്‍, ഇളമാട് പി.എച്ച്.സികള്‍ക്കും ചടയമംഗലം ഹെല്‍ത്ത്സെന്‍ററിനും കെട്ടിടം നിർമിക്കുന്നതിന് ആറ് കോടി, കോട്ടുക്കല്‍ -വയല- കുറ്റിക്കാട് ചരിപ്പറമ്പ്- പോതിയാരുവിള റോഡ് നവീകരണത്തിന് 16 കോടി, നിലമേല്‍ കോളജ് ജങ്ഷനിൽ ഫ്ലൈ ഓവര്‍ ഫുട് ബ്രിഡ്ജ് നിർമാണത്തിന് മൂന്ന് കോടി, ആനക്കുളം, ചരിപ്പറമ്പ്, കടയ്ക്കല്‍ ടൗൺ എല്‍.പി.എസ്, നെട്ടയം, കരിങ്ങന്നൂർ സ്കൂളുകൾക്ക് കെട്ടിട നിര്‍മാണത്തിന് ആറ് കോടി, ജടായുപാറ, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, കുടുക്കത്തുപാറ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണത്തിന് 30 കോടി എന്നിങ്ങനെ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.