കൊട്ടാരക്കര: പുത്തൂർ പട്ടണത്തോട് ചേർന്ന് ഇ.എസ്.ഐ വക കാട്. ഇഴജന്തുക്കളും കാട്ടുമൃഗങ്ങളും താവളമാക്കിയ ഇവിടം നാട്ടുകാരുടെ സ്വസ്ഥ ജീവിതത്തിന് ഭീഷണിയായി. പൊളിഞ്ഞുവീഴാറായ കെട്ടിടം വർഷങ്ങളായി തകർന്ന് കാടുമൂടിയ നിലയിലാണ്. ഏക്കർകണക്കിന് ഭൂമി ഇവിടെ ഇ.എസ്.ഐക്കുണ്ട്. ഡിസ്പൻസറിയും ലോക്കൽ ഓഫിസും ഒരു ഭാഗത്തും ഇടക്കുകൂടിയുള്ള ചെറിയ റോഡിന്റെ അപ്പുറത്തായി ക്വാർട്ടേഴ്സുകളുമാണ് ഉള്ളത്. കാലപ്പഴക്കത്താൽ ജീർണിച്ച് നശിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ മരപ്പട്ടിയും കുറുക്കനും പാമ്പുകളുമടക്കം താവളമാക്കിയിരിക്കയാണ്. നിലം പൊത്താറായ കെട്ടിടങ്ങൾ ചോർന്നൊലിക്കുകയാണ്. ഒന്നിന് മുകളിൽ ടാർപ്പാളിൻ ഷീറ്റ് വലിച്ചുകെട്ടി മഴനനയാത്തവിധം താൽക്കാലിക സംവിധാനമൊരുക്കി. മറ്റുള്ളവയൊക്കെ തീർത്തും ഉപയോഗ ശൂന്യമായി. ഉദ്യോഗസ്ഥരായ 11 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങളിൽ ജീവനക്കാർ താമസിക്കുമ്പോൾ ഇവിടം കൂടുതൽ സജീവമായിരുന്നു. കളിസ്ഥലം, കുടിവെള്ള സംവിധാനം ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായില്ല.
താമസിക്കുന്നവർ സ്വന്തം നിലയിൽ പരിസരം വൃത്തിയാക്കൽ പോലും നടത്തിയില്ല. ഇതോടെ കെട്ടിടങ്ങൾ നശിച്ചു, പരിസരം കാടുമൂടി. ഓരോരുത്തരായി താമസം മതിയാക്കി പോവുകയും ചെയ്തു. മതിൽക്കെട്ടുകടന്ന് വഴിയിലും അയൽവീടുകളിലേക്കുമൊക്കെ പാമ്പുകൾ വരും. ചിലപ്പോൾ മരപ്പട്ടിയും മറ്റ് കാട്ടുജീവികളും. കൊച്ചുകുട്ടികളെ വീടിന് പുറത്തിറക്കാൻപോലും പേടിയാണ് നാട്ടുകാർക്ക്. ക്വാർട്ടേഴ്സ് പരിസരം മുഴുവൻ വൃത്തിയാക്കി പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കാനെങ്കിലും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.