കൊട്ടാരക്കര: എഴുകോൺ കോയിക്കൽ ക്ഷേത്രത്തിന് സമീപം സർക്കാർ ഭൂമിയിൽ നടത്തിവന്ന അനധികൃത നിർമാണം റവന്യൂ-പഞ്ചായത്ത് അധികൃതർ തടഞ്ഞു. ക്ഷേത്രത്തിന് സമീപം കുളത്തിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലാണ് നിർമാണം നടത്തിവന്നത്. അസി. സെക്രട്ടറി ജി. ശങ്കരൻകുട്ടി, വില്ലേജ് ഓഫിസർ എസ്. സജീഷ്, സ്പെഷൽ വില്ലേജ് ഓഫിസർ വൈ. ബൈജുമോൻ എന്നിവർ നേതൃത്വം നൽകി.
പ്രദേശത്ത് പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി നിർമിച്ച താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സമീപവാസി ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു. ഓംബുഡ്സ്മാൻ എഴുകോൺ പഞ്ചായത്തിൽ ആഗസ്റ്റ് ഒമ്പതിന് ഹിയറിങ് നടത്തിയിരുന്നു. തുടർന്ന് ഷെഡ് പൂർണമായും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയോട് ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നതിന് പകരം സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിക്കുന്ന ഷെഡ് പൊളിച്ചുമാറ്റി കെട്ടിടനിർമാണം ആരംഭിച്ചു. നിർമാണം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. അടുത്ത ദിവസം കെട്ടിടം പൊളിച്ചുമാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
സർക്കാർ ഭൂമിയിൽ നിൽക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാൻ ഓംബുഡ്സ്മാന്റെ ഉത്തരവുണ്ട്. റവന്യൂ-പഞ്ചായത്ത് അധികൃതരുടെ പരിശോധനയിൽ സർക്കാർ ഭൂമിയാണെന്ന് വ്യക്തമായിട്ടുണ്ട്. നിയമസാധുത പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.