കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ചെക്കിങ് ഇൻസ്പെക്ടർ വിലങ്ങറ ഉഷ മന്ദിരത്തിൽ ജി. ബിജുകുമാറിനെ (45) റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജുവിന്റെ ഭാര്യ സുമാദേവി മുഖ്യമന്ത്രി, ദക്ഷിണമേഖല എ.ഡി.ജി.പി, ഇന്റലിജൻസ് എ.ഡി.ജി.പി, കലക്ടർ, റൂറൽ എസ്.പി, കെ.ബി. ഗണേഷ് കുമാർ എം.എൽ.എ എന്നിവർക്ക് പരാതി നൽകി. ബിജുകുമാറിന്റെ സുഹൃത്തുക്കളായ ചിലരാണ് മരണത്തിന് പിന്നിലെന്നും ഇവർ ഒന്നിച്ച് സ്ഥിരമായി മദ്യപിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. വീട് നിർമാണത്തിനായി ബിജുകുമാർ ബാങ്കിൽനിന്ന് വായ്പയെടുത്ത 11 ലക്ഷം രൂപയും കാണാനില്ല. പണം തട്ടിയെടുക്കാൻ ബിജുകുമാറിനെ വലയിൽപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈരാറ്റുപേട്ടയിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടറായി ജോലി ചെയ്തുവന്ന ബിജുകുമാറിന് കൊട്ടാരക്കരയിലേക്ക് സ്ഥലമാറ്റം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഈ കൂട്ടുകാർ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായും ബിജുവിന്റെ ബൈക്ക് കൈവശപ്പെടുത്തിയതായും ജോലിക്ക് വിടാതെ പല സ്ഥലത്തായി കൊണ്ടുനടന്ന് മദ്യപിക്കുകയായിരുന്നെന്നും വീട്ടുകാർ ആരോപിക്കുന്നു.
വീടിന് സമീപത്തെ റബർതോട്ടത്തിൽ 25ന് രാവിലെയാണ് ബിജുകുമാറിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ പരിസരത്തുനിന്ന് ഒരു ജോടി ഷൂവും ചെരിപ്പും പൊലീസ് കണ്ടെത്തി. ഇത് ബിജുകുമാറിന്റേതല്ലെന്നാണ് നിഗമനം. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയോ തന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് ഭാര്യ സുമാദേവി പറയുന്നു.
ഈരാറ്റുപേട്ട ഡിപ്പോയിലെ ചെക്കിങ് ഇൻസ്പെക്ടറായ ബിജുകുമാറിന് കോട്ടയം ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഈരാറ്റുപേട്ടയിൽ ജോലിക്ക് പോകുന്നെന്ന് പറഞ്ഞുപോയ ബിജുകുമാർ 25 ദിവസമായി വീട്ടിൽ എത്തിയിട്ടില്ല. എന്നാൽ, ഫോണിൽ സ്ഥിരമായി വിളിക്കുമായിരുന്നു. മരണത്തിന് തലേന്നും മക്കളുമായി സംസാരിച്ചു. പിന്നീടാണ് ബിജുകുമാർ കോട്ടയത്ത് ജോലിക്ക് പോയിട്ടില്ലെന്നും ചില സുഹൃത്തുക്കളുമായി നെല്ലിക്കുന്നത്തിന് സമീപം ദിവസങ്ങളായി തങ്ങുകയായിരുന്നെന്നും വിവരം ലഭിക്കുന്നത്. മരണം വൈകിയാണ് അറിഞ്ഞതെന്നും കുടുംബാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.