കൊട്ടാരക്കര: പഞ്ചായത്തിൽ നിന്ന് മുനിസിപ്പാലിറ്റി പദവിയിലേക്ക് എത്തിയ കൊട്ടാരക്കരക്ക് ആറ് വർഷം കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, സ്വപ്നം കണ്ട പലതും യാഥാർഥ്യത്തിലേക്ക് എത്തുന്നുവെന്ന പ്രതീക്ഷയിലാണ് ജനം. കാലപ്പഴക്കം ചെന്ന കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ് ഹൈടെക് ആകുന്നു. ആധുനിക മാർക്കറ്റ് കെട്ടിട സമുച്ചയം, പുതിയ നഗരസഭ ആസ്ഥാന മന്ദിരം എന്നിവയൊക്കെ അതിൽ എടുത്തുപറയേണ്ടതാണ്.
ഒട്ടേറെ വികസനപ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ് നഗരസഭ. കൊട്ടാരക്കര മുനിസിപ്പാലിറ്റി, നെടുവത്തൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണമായും കുടിവെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റി രൂപം നൽകിയ സമഗ്രമായ കുടിവെള്ള പ്ലാന്റിനാവശ്യമായ ഒന്നരയേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരും ഭൂരഹിതരോ സ്ഥലക്കുറവോ ഉള്ളതുമായ ദരിദ്ര കുടുംബങ്ങൾ മൃതദേഹ സംസ്കാരത്തിന് നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി ആധുനിക ശ്മശാനം നിർമിക്കുന്നതിനായി നടപടികൾ ആരംഭിച്ചു.
സ്വകാര്യ ബസ് സ്റ്റാൻഡ് 75 ലക്ഷം രൂപ ചെലവിൽ ആധുനീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. കിഫ്ബി ധനസഹായത്തോടെ അഞ്ചരക്കോടി ചെലവിൽ പുതിയ നഗരസഭ മന്ദിരത്തിന്റെ നിർമാണവും നാലരക്കോടി രൂപ ചെലവിൽ ആധുനിക മാർക്കറ്റിന്റെ നിർമാണവും ഉടൻ ആരംഭിക്കും. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ മുന്നിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നിർമിക്കും. കഥകളിയുടെ ആചാര്യനായ കൊട്ടാരക്കര തമ്പുരാന്റെ പ്രതിമ നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി.
നഗരസഭ പരിധിയിലുള്ള തോടുകളുടെ ആഴം കൂട്ടുന്നതിനായി പത്ത് ലക്ഷം രൂപ വകയിരുത്തി. കഴിഞ്ഞ കോവിഡ് സമയത്തും പ്രളയസമയത്തും ദുരിതമനുഭവിച്ച ജനങ്ങൾക്ക് സമാശ്വാസം നൽകാൻ നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും കഴിഞ്ഞു.
മൃഗസംരക്ഷണ കാർഷിക മേഖലയിലെ നിരവധി പ്രവർത്തനങ്ങൾക്ക് നഗരസഭ തുക വകയിരുത്തി. നഗരസഭയിലെ ശാരീരിക മാനസിക ക്ലേശം അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും സ്കോളർഷിപ് നൽകാൻ കഴിഞ്ഞു. 13 പൊതുകുളങ്ങളിൽ സ്വാശ്രയ സംഘങ്ങൾ വഴി മത്സ്യകൃഷി നടത്തിവരുന്നു. നഗരസഭയിലെ കിടപ്പുരോഗികളെ പരിപാലിക്കുന്നതിന് വേണ്ടിയുള്ള സ്വാന്ത്വന പരിചരണ പരിപാടി നടപ്പിലാക്കി വരുന്നു. പൊതുമേഖലയിലെയും പട്ടികജാതി മേഖലയിലെയും ദരിദ്ര കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. പട്ടികജാതി വിഭാഗത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പഠനം നടത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പും സ്കൂൾ കുട്ടികൾക്ക് പഠനമുറിയും നൽകുന്ന പ്രവർത്തനങ്ങളും നടത്തി.
എ. ഷാജു (നഗരസഭ ചെയർമാൻ)
കൊട്ടാരക്കര നഗരസഭ ചെയർമാന്റെ അവകാശവാദങ്ങൾ പൊള്ളയാണ്. ജനങ്ങളെ ബാധിക്കുന്നതും പരിഹരിക്കപ്പെടേണ്ടതുമായ പദ്ധതികൾക്കാണ് മുൻഗണന നൽകേണ്ടത്. മുന്നണിയിലെ തന്നെ പടലപ്പിണക്കം കൊണ്ട് വികസന പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരിക്കുകയാണ്.
ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടായിട്ടില്ല. മാലിന്യം കുന്നുകൂടുകയാണ്. മാലിന്യസംസ്കരണത്തിന് പ്ലാന്റ് ഇല്ല. അറവ് മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നത് പതിവായി. കക്കൂസ് മാലിന്യം റോഡരികിൽ തള്ളുന്നു. നഗരസഭയുടെ ആകെ വരുമാനം മാർക്കറ്റിൽ നിന്ന് കിട്ടുന്ന വരുമാനമാണ്. ലേലക്കാരോടൊപ്പം ചേർന്ന് നഗരസഭയുടെ വരുമാനം പിരിച്ചെടുക്കാതെ അവരെ സഹായിക്കുന്നു. കെട്ടിട കരം വേണ്ടവിധത്തിൽ പിരിക്കുന്നില്ല.
ജനങ്ങൾക്ക് വേണ്ട റോഡ്, കുടിവെള്ളം, വൈദ്യുതി ഇവയൊന്നും ഫലവത്തായ രീതിയിൽ ലഭിക്കുന്നില്ല. നഗരസഭയുടെ ഫണ്ട് കൊണ്ട് റോഡുകൾ ഒന്നും നിർമിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന പണികൾ എല്ലാം ഗവൺമെന്റ് മെയിന്റനൻസ് ഗ്രാന്റ് കൊണ്ട് നടക്കുന്നതാണ്. ഇത് കാലാകാലങ്ങളിൽ നടക്കുന്ന പ്രവൃത്തികളാണ്.
ഒരു വർഷമായി കേൾക്കുന്ന മാർക്കറ്റ് സമുച്ചയം, നഗരസഭ ആസ്ഥാന മന്ദിരം, ഷോപ്പിങ് കോപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇവയൊന്നും യാഥാർഥ്യമായിട്ടില്ല. പുലമൺ തോടിന്റെ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ല. പഴയ കൊല്ലം ചെങ്കോട്ട റോഡ് സഞ്ചാരയോഗ്യമാക്കിയിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത് കൊണ്ടുവന്നതല്ലാതെ പുതുതായി ഒന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
വി. ഫിലിപ്പ് (പ്രതിപക്ഷ കക്ഷി നേതാവ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.