കൊട്ടാരക്കര: സർക്കാർ ഫണ്ടില്ലാത്തതിനാൽ അയ്യൻകാളി പദ്ധതി തൊഴിലാളികളുടെ വേതന കുടിശ്ശിക തനത് ഫണ്ടിൽനിന്ന് നൽകി കൊട്ടാരക്കര നഗരസഭ. ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികളുടെ ഏഴ് മാസത്തെ കുടിശ്ശികയിലെ ഏറിയ ഭാഗവും തനത് ഫണ്ടിൽനിന്ന് നൽകാൻ കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
75 ലക്ഷം രൂപയാണ് അനുവദിച്ചത്. നേരത്തേ 88 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ 1.63 കോടി രൂപയാണ് തനത് ഫണ്ടിൽനിന്ന് പദ്ധതിക്കായി നൽകിയത്.
വേതന കുടിശ്ശിക പൂർണമായും നൽകണമെങ്കിൽ 50 ലക്ഷം രൂപ കൂടി അനുവദിക്കണം. അയ്യൻകാളി പദ്ധതിക്കായി സംസ്ഥാനത്തെ മുഴുവൻ കോർപറേഷനുകൾക്കുമായി 200 കോടി രൂപ നൽകിയെന്നും ഇനി നൽകാനില്ലെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. തുടർന്നാണ് സ്വന്തം ഫണ്ടിൽനിന്ന് നഗരസഭക്ക് പണം നൽകേണ്ടിവന്നത്.
1500 തൊഴിലാളികളാണ് കൊട്ടാരക്കര നഗരസഭയിലുളളത്. ഇതിൽ 950 പേർ കൃത്യമായി ജോലിക്കെത്തുന്നവരാണെന്നാണ് കണക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാത്തതിനെതിരെ കൊട്ടാരക്കര നഗരസഭയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പണം നൽകാൻ തീരുമാനിച്ചത്. നാല് കോടിയോളം രൂപയാണ് കൊട്ടാരക്കര നഗരസഭയുടെ തനത് വരുമാനം. ജീവനക്കാരുടെ ശമ്പളം, തെരുവുവിളക്ക് പരിപാലനം, റോഡ് നിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികൾ തനത് ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
ശമ്പളം നൽകാൻ മാത്രം 30 ലക്ഷത്തോളം രൂപ പ്രതിമാസം വേണം.സർക്കാർ കൈവിട്ടാൽ തൊഴിലുറപ്പ് പദ്ധതി നിലക്കുന്ന സ്ഥിതിയാണ്. ഉദ്യോഗസ്ഥരുടെ ശമ്പളവും മുടങ്ങും. തൊഴി ലുറപ്പ് പദ്ധതി നടത്തിപ്പിലെ അപാകതക്കെതിരെയും കഴിഞ്ഞദിവസം നഗരസഭ കൗൺസിലിൽ വിമർശനം ഉയർന്നു.
സമ്പന്നരുടെ കൃഷിഭൂമി വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു വിമർശനം. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ വി. ഫിലിപ്പാണ് വിമർശനമുയർത്തിയത്. കൗൺസിൽ യോഗത്തിൽ ചെയർമാൻ എസ്.ആർ. രമേശ്, വൈസ് ചെയർമാൻ വനജ രാജീ വ്, സെക്രട്ടറി ടി.വി. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.