കൊട്ടാരക്കര: താലൂക്ക് ആസ്ഥാനമായ കൊട്ടാരക്കരയിൽ എക്സൈസ് സമുച്ചയം നിർമിക്കാൻ ഭൂമി അനുവദിച്ചു. വില്ലേജ് ഓഫിസിനോട് ചേർന്നുള്ള ഭൂമിയിലാണ് സമുച്ചയം നിർമിക്കുക. 32 സെന്റ് ഭൂമിയാണ് ഇവിടെ റവന്യൂ വകുപ്പിന്റേതായിയുള്ളത്. ഉടമാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിതന്നെ എക്സൈസിന് കെട്ടിടം നിർമിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ മുൻകൈയെടുത്ത് സർക്കാർ ഉത്തരവ് ലഭ്യമാക്കിയിട്ടുണ്ട്.
കൊട്ടാരക്കര കച്ചേരിമുക്കിൽ സിവിൽ സ്റ്റേഷന് എതിർവശത്തായുള്ള കെട്ടിടത്തിലാണ് വർഷങ്ങളായി എക്സൈസ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. 2009ൽ എക്സൈസ് സമുച്ചയം നിർമിക്കാനായി 209 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി, എക്സൈസ് ഓഫിസ് വാടക കെട്ടിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ശിലാസ്ഥാപനം നടത്തിയെങ്കിലും തുടർനിർമാണം നടന്നില്ല. ഭൂമിയുടെ അവകാശത്തെച്ചൊല്ലിയുള്ള തർക്കം കോടതികയറി. ഗണപതി ക്ഷേത്രം വകയാണ് സ്ഥലമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഒടുവിൽ റവന്യൂ വകുപ്പിനുതന്നെ ഭൂമിയുടെ അവകാശം ഉറപ്പിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നു.
എന്നാൽ, ഗണപതി ക്ഷേത്രത്തിനു മുന്നിൽ എക്സൈസ് ഓഫിസ് നിർമിക്കുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് എതിർപ്പുണ്ടായി. എക്സൈസ് സർക്കിൾ ഓഫിസ് റെയിൽവേ സ്റ്റേഷൻ കവലയിലെ പൊതുമരാമത്തുവക പഴയ പൊളിഞ്ഞ കെട്ടിടത്തിലും റേഞ്ച് ഓഫിസ് വാടക കെട്ടിടത്തിലും പ്രവർത്തനം തുടരുകയായിരുന്നു.
പുതിയ കെട്ടിടത്തിന്റെ നിർമാണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.