കൊട്ടാരക്കര: ഫണ്ട് ലഭിക്കാതെ വെട്ടിക്കവല തലച്ചിറയിലെ ബഡ്സ് സ്കൂൾ അടച്ചുപൂട്ടലിലേക്ക്. നാലുമാസമായി ഭക്ഷണം, ജീവനക്കാരുടെ ശമ്പളം അടക്കം ചെലവുകൾക്ക് പണം ലഭിക്കുന്നില്ല. ഭിന്നശേഷിക്കാരായ 42 കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്. മാതൃകാപരായ പ്രവർത്തിക്കുന്ന ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഒന്നാണ് തലച്ചിറയിലേത്. സാമ്പത്തിയമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കളാണ് ഏറെയും.
വീടുകളിൽനിന്ന് ദിവസവും രാവിലെ പ്രത്യേക ബസിൽ എത്തിച്ചാണ് പഠനം. ഉച്ചഭക്ഷണവും രാവിലെയും വൈകുന്നേരങ്ങളിലും ലഘുഭക്ഷണവും നൽകുന്നുണ്ട്. എല്ലാ സേവനങ്ങളും സൗജന്യമാണ്. സ്കൂൾ പ്രവർത്തനത്തിന് ഓരോ വർഷവും 50 ലക്ഷം രൂപയോളം വേണം. ഘട്ടം ഘട്ടമായാണ് സർക്കാർ ഫണ്ട് അനുവദിക്കുക. വെട്ടിക്കവല പഞ്ചായത്ത് മുഖേനയാണ് പ്രവർത്തനം.
സർക്കാറിൽനിന്ന് പ്ലാൻ ഫണ്ട്, ജനറൽ പർപ്പസ്, മെയിന്റനൻസ് ഗ്രാൻറ് എന്നിവ ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ബഡ്സ് സ്കൂൾ അധികൃതർ ഫണ്ടിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. രണ്ട് അധ്യാപകരും മൂന്ന് ആയമാരുമാണ് സ്കൂളിലുള്ളത്. ശമ്പളം മുടങ്ങിയതോടെ ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി.
കുട്ടികളെ എത്തിക്കുന്ന സ്വകാര്യ ബസിനും കുടിശ്ശിക ലക്ഷങ്ങളാണ്. ഭക്ഷണം പാകം ചെയ്താണ് കുട്ടികൾക്ക് നൽകുന്നത്. അരിയും പലവ്യഞ്ജനങ്ങളും കൺസ്യൂമർ ഫെഡിൽ നിന്ന് ലഭിക്കും. എന്നാൽ പഴവും പച്ചക്കറിയും മത്സ്യവും ഇറച്ചിയും എല്ലാം മറ്റ് കടകളിൽ നിന്നാണ് വാങ്ങുന്നത്. ആഹാരസാധനങ്ങൾക്ക് മാസം തോറും 25000 രൂപ കണ്ടെത്തേണ്ടിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.