കൊട്ടാരക്കര: വർഷങ്ങളായി തകർന്ന പണയിൽ - പള്ളിക്കൽ ഉടയൻകാവ് റോഡിനു മോക്ഷമില്ല. ഇതുവഴി കാൽ നടപോലും ദുസ്സഹമായിട്ട് നാളുകൾ ഏറെയായി. 500 ഓളം കുടുബങ്ങൾ താമസിക്കുന്ന ഈ ഭാഗത്ത് വാഹനങ്ങൾ എത്താൻ വളരെ ബുദ്ധിമുട്ടാണ്. പള്ളിക്കൽ നിന്നും പുത്തൂർ റോഡിൽ ഏത്താനുള്ള പ്രധാന വഴിക്കൂടിയാണിത്. അത്യാവശ്യ ആശുപത്രി ആവശ്യങ്ങൾക്കുപോലും വാഹനം വിളിച്ചാൽ പല വാഹനങ്ങളും എത്താത്ത അവസ്ഥയാണ്.
എത്തിയാൽതന്നെ വാഹനാപകടങ്ങൾ നടക്കാനുള്ള സാധ്യയുമെറെയാണ്. റോഡ് പുനർനിർമ്മിക്കണമെന്ന് അവശ്യപെട്ട് നിരവധി പരാതികൾ ഉയർന്നെങ്കിലും ത്രിതല പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതർ മൗനത്തിലാണ്. പള്ളിക്കൽ അമ്മിണി പാലം, പെരുകുളം കനാൽ എലാ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്കുള്ള ഏക റോഡ് മാർഗവും പണയിൽ ഉടയൻ കാവ് റോഡാണ്.
സാധന സാമഗ്രികൾ കൃഷിയിടത്തിൽ എത്തിക്കാനും വിളവെടുപ്പ് കഴിഞ്ഞ് വിഭവങ്ങൾ വിപണികളിൽ എത്തിക്കാനും കർഷകർക്ക് സഹായകമായിരുന്ന ഈ റോഡ് തകർന്ന് വാഹനങ്ങൾ എത്താതെയായതോടെ കർഷകരും വിഷമത്തിലാണ്. വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ, സ്കൂൾ വിദ്യാർഥികൾ എന്നിവരാണ് റോഡിന്റെ ദുരവസ്ഥ ദിവസവും അനുഭവിക്കേണ്ടി വരുന്നവർ.
റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പ്രദേശവാസികൾ ചേർന്ന് പ്രതിഷേധ കൂട്ടായ്മ രൂപവത്കരിച്ചു. അധികൃതർക്ക് നിവേദനം നൽകാനും കൂടുതൽ പ്രതിഷേധത്തിനും രംഗത്തിറങ്ങാനുമാണ് സ്ത്രീകൾ അടക്കമുള്ള കൂട്ടായ്മയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.