കൊട്ടാരക്കര: പൊലീസ് കസ്റ്റഡിയിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. കൊട്ടാരക്കര പൊലീസിനെതിരെയാണ് പരാതി. പള്ളിക്കൽ ഗിരീഷ് ഭവനിൽ ഹരീഷ്കുമാറിനാണ് (37) മർദനമേറ്റത്. കാറിൽവെച്ചും സ്റ്റേഷനിൽ എത്തിച്ചുമാണ് മർദിച്ചതെന്ന് ആരോപണമുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് മർദനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ഹരീഷ് കുമാർ പള്ളിക്കൽ- മണ്ണടി റോഡിൽ കുടുംബവുമൊത്ത് കാറിൽ വരവെ എതിർദിശയിൽ വന്ന കാറുകാരുമായി പിന്നോട്ടെടുക്കുന്നതു സംബന്ധിച്ച് തർക്കമുണ്ടാകുകയും ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തിരുന്നു. ശേഷം ഇരുകൂട്ടരും സ്ഥലത്ത് നിന്ന് പോയി. പിന്നാലെ കാറുകാരൻ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയെന്നു പറഞ്ഞ് ഹരീഷ്കുമാറിനെ പൊലീസ് ഫോണിൽ വിളിച്ചു.
സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ട് പോകാതിരുന്നതിനെതുടർന്ന് ഹരീഷ്കുമാർ ജോലി ചെയ്യുന്ന ബാറിലെത്തിയ പൊലീസ് കൂട്ടികൊണ്ടുപോയെന്നും കാറിൽ കയറ്റിയശേഷം ക്രൂരമായി മർദിച്ചു എന്നുമാണ് പരാതി. രണ്ട് മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഫൈബർ വടി ഉപയോഗിച്ച് കാലിൽ അടിച്ചതായും പറയുന്നു. അഞ്ചിന് വൈകിട്ട് റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നതു കണ്ട് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തതായി ഹരീഷ് കുമാർ പറയുന്നു. മർദിച്ച പൊലീസുകാർക്കെതിരെ റൂറൽ എസ്.പിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.