കൊട്ടിയം: സംസ്ഥാന ഹൈവേയിൽ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിൽമൂലം പത്ത് കുടുംബങ്ങൾ ഭീഷണിയിൽ. കൊല്ലം-കുളത്തൂപ്പുഴ സംസ്ഥാന ഹൈവേയിൽ കുണ്ടുമണിനും മുട്ടയ്ക്കാവിനും ഇടയിൽ നാൽപങ്ങൽ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഈ ഭാഗത്ത് റോഡ് വളരെ ഉയരത്തിലാണുള്ളത്. സംരക്ഷണഭിത്തിയുടെ ബലക്കുറവുമൂലം റോഡിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണിടിഞ്ഞ് താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ റോഡരികിൽ വീപ്പകൾ നിരത്തുക മാത്രമാണ് അധികൃതർ ചെയ്യുന്നത്.
നെടുമ്പന മുട്ടയ്ക്കാവിൽ ഏതാനും ദിവസം മുമ്പ് വീടിന് മുന്നിൽ ഉയരത്തിലുണ്ടായിരുന്ന കോൺക്രീറ്റ് മതിൽ തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവം ഉണ്ടായതോടെ മണ്ണിടിച്ചിൽ സ്ഥിരമായ നാൽപങ്ങൽ നിവാസികൾ കൂടുതൽ ഭീതിയിലാണ്. കെ.എസ്.ടി.പിയുടെ അധീനതയിലുള്ള റോഡാണിത്. കഴിഞ്ഞ രണ്ടുതവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോഴും റോഡരികിൽ വീപ്പകൾ നിരത്തി വെച്ചതല്ലാതെ സംരക്ഷണഭിത്തി ബലപ്പെടുത്താനോ പുതിയത് നിർമിക്കാനോ യാതൊരു നടപടികളും ഉണ്ടായില്ല. മണ്ണ് പരിശോധനക്കെന്ന പേരിൽ എക്സ്കവേറ്റർ ഉപയോഗിച്ച് ഇവിടെനിന്ന് മണ്ണെടുത്തതും ഉയരത്തിലുള്ള മണ്ണ് ഇടിഞ്ഞുവീഴാൻ കാരണമാക്കി.
നിരവധി ക്രഷറുകളും സാൻഡ് യൂനിറ്റുകളുമുള്ള ഇവിടേക്ക് ഭാരം കയറ്റിയ നൂറുകണക്കിന് ലോറികളാണ് പോകുന്നത്. കൂടാതെ കെ.എസ്.ആർ.ടി.സിയുടെ കുളത്തൂപ്പുഴ വേണാട് സർവിസും നിരവധി സ്വകാര്യ ബസുകളും ഇതുവഴി സർവിസ് നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ ഭയന്ന് പല കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്.
ദുരന്തമുണ്ടാകും മുമ്പ് ഇവിടത്തെ മണ്ണിടിച്ചിൽ തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി അംഗം ആസാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എൽ. നിസാമുദീൻ, മണ്ഡലം പ്രസിഡന്റ് ആസാദ് നാൽപങ്ങൽ, നാസിമുദീൻ ലബ്ബ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.