കൊട്ടിയം: സൗദിയിൽ പെട്രോളടിച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്ത മലയാളിക്ക് വെടിയേറ്റു. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയും പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനുമായ മുഹമ്മദിനാണ് (27) വെടിയേറ്റത്. സൗദിയിലെ വാദി ദവാസിറിലായിരുന്നു സംഭവം. പണം ചോദിച്ച് ചെന്നപ്പോൾ കാറുമായെത്തിയ സൗദി സ്വദേശി ഇയാൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് അവിടത്തെ മിലിറ്ററി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
ആഗസ്റ്റ് 12ന് പുലർച്ച ആറോടെയായിരുന്നു സംഭവം. കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങാനായിരുന്നു സ്വദേശിയുടെ ശ്രമം. അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിച്ചു. കാർ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് കാൽ മണിക്കൂറിലധികം അവിടെ കിടന്ന ഇയാളെ കുളപ്പാടം സ്വദേശി സിറാജുദ്ദീൻ സഖാഫിയും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്പിൽ താൽക്കാലിക ജോലിക്കായി കയറിയതായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടുന്നതിനായി ബന്ധുക്കൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കഴിഞ്ഞ 18ന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.