കൊല്ലം: യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തിയ കേസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലിൽ മുഹമ്മദ് ഷാഫിയെ (30) കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊറ്റംകര പുരക്കന്നൂർ ആലുംമൂട് കല്ലുവിളവീട്ടിൽ ലാൽകുമാറിനെ (41) ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചാണ് കൊല്ലം അഡി. ജില്ല സെഷൻസ് ജഡ്ജി എസ്. സുബാഷ് ഉത്തരവായത്. 2018 ഏപ്രിൽ ഒമ്പതിന് ആലുംമൂട് ഭാഗത്തുെവച്ച് ലാൽകുമാറും പ്രസവിച്ചുകിടക്കുന്ന ഭാര്യയെ കാണാൻ വിദേശത്തുനിന്ന് ലീവിൽ വന്ന ഷാഫിയുമായി വഴക്കുണ്ടായി. തുടർന്ന് രണ്ടാംപ്രതിയുടെ ബൈക്കിലെത്തിയ ഒന്നാംപ്രതി ആലുംമൂട്ടിൽ ഇറങ്ങിയതിനുശേഷം രണ്ടാംപ്രതിയായ വാവ എന്ന അഖിലിനക്കൊണ്ട് വഴക്ക് പറഞ്ഞുതീർക്കാനെന്ന വ്യാജേന ഷാഫിയെ ആലുംമൂട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെവെച്ച് ഒന്നാംപ്രതി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഷാഫിയുടെ വയറ്റിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഷാഫിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
മരണപ്പെടുമ്പോൾ ഷാഫിയുടെ കുഞ്ഞിന് 20 ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. കൃത്യത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച കത്തി പ്രതി കിണറ്റിൽ ഉപേക്ഷിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. കുണ്ടറ ഇൻസ്പെക്ടർമാരായ ജയകുമാറും ഡി. ബിജുകുമാറും അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ നിയാസ് .എ, കെ.കെ. ജയകുമാർ, എന്നിവരും പ്രോസിക്യൂഷൻ സഹായിയായി സി.പി.ഒ അജിത് എം.പിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.