കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എല്‍.ഡി.എഫിനുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് മൂന്ന് ഏരിയ സെക്രട്ടറിമാരും മൂന്ന് ജില്ല സെക്രട്ടേറിയറ്റംഗങ്ങളും ഒരു ജില്ലാ കമ്മിറ്റിയംഗവും ഉള്‍പ്പെടെ നേതാക്കളില്‍നിന്ന് വിശദീകരണം തേടാന്‍ സി.പി.എം ജില്ല കമ്മിറ്റി തീരുമാനിച്ചു. കുണ്ടറയില്‍ സി.പി.എമ്മിലെ മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കരുനാഗപ്പള്ളിയില്‍ സി.പി.ഐയിലെ സിറ്റിങ് എം.എല്‍.എയായിരുന്ന ആര്. രാമചന്ദ്രനുമാണ് തോറ്റത്.
കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവന്, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രന്, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ ബി. തുളസീധരക്കുറുപ്പ്, പി.ആര്. വസന്തന്, എന്‍.എസ്. പ്രസന്നകുമാര്‍, ജില്ല കമ്മറ്റിയംഗം ആര്. ബിജു എന്നിവരില്‍നിന്നാണ് വിശദീകരണം തേടുക. ഇതില്‍ ബി. തുളസീധരക്കുറുപ്പ് മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് കൂടിയാണ്. എല്‍.ഡി.എഫിെൻറ ഉറച്ച കോട്ടയായ കരുനാഗപ്പള്ളിയിലെ തോല്‍വി, പാര്‍ട്ടി ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടി അണികള്‍ക്കുപോലും വിശ്വാസമില്ലാത്ത പ്രവര്‍ത്തന ശൈലിയാണ് അവിടെയുണ്ടായതെന്ന് മുന്‍ ഏരിയ സെക്രട്ടറി കൂടിയായ പി.ആര്. വസന്തനെ പേരെടുത്ത് പറഞ്ഞാണ് സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രെൻറ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന് വിമർശിച്ചിരിക്കുന്നത്.
കടുത്ത വി.എസ് പക്ഷക്കാരനും അച്ചടക്ക നടപടിക്ക് വിധേയനായയാളുമായ ടി. ശശിധരനെ പങ്കെടുപ്പിച്ച് കരുനാഗപ്പള്ളിയിലും കടയ്ക്കലിലും തെരഞ്ഞെടുപ്പ യോഗങ്ങള്‍ നടത്തിയിരുന്നു. കടയ്ക്കലില്‍ ഇങ്ങനെയൊരു യോഗം നടത്തിയതുമായി ബന്ധപ്പെട്ട് ഏരിയ സെക്രട്ടറി നസീറിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചു. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി കെ.എന്‍. ബാലഗോപാല്‍, ആനത്തലവട്ടം ആനന്ദന് എന്നിവരും പങ്കെടുത്തു.
വിശദീകരണം തേടുക ഏഴ് സി.പി.എം നേതാക്കളില്‍നിന്ന്
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയിലും കരുനാഗപ്പള്ളിയിലുമുണ്ടായ പരാജയവുമായി ബന്ധപ്പെട്ട് ഏഴ് നേതാക്കളോട് വിശദീകരണം തേടാനാണ് വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങള്‍ തീരുമാനിച്ചത്. കരുനാഗപ്പള്ളിയില്‍ സി.പി.ഐ സ്ഥാനാർഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ആര്. വസന്തന്, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രന്, ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവന്, കുണ്ടറയിലെ പരാജയത്തില്‍ സെക്രേട്ടറിയറ്റ് അംഗങ്ങളായ എന്‍.എസ്. പ്രസന്നകുമാര്‍, ബി. തുളസീധരക്കുറുപ്പ്, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, ജില്ല കമ്മിറ്റി അംഗം ബിജു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി.
സി.പി.എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാന്‍ ജില്ല കമ്മിറ്റി നിയോഗിച്ച കെ. സോമപ്രസാദ് കണ്‍വീനറും എസ്. രാജേന്ദ്രന്, എം. ശിവശങ്കരപിള്ള എന്നിവര്‍ അംഗങ്ങളുമായ കമീഷെൻറ റിപ്പോര്‍ട്ട് ഇരു യോഗങ്ങളിലും അവതരിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ വീഴ്ച പറ്റിയെന്ന് ആരോപണമുള്ള നേതാക്കളോട് യോഗത്തില്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചതിനു ശേഷമാണ് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.