എല്ലാ കാലത്തും ‘ലെഫ്റ്റിസ്റ്റ്’ ആയിരുന്നു ചടയമംഗലം. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ കൊല്ലത്ത് യു.ഡി.എഫ് ജയിച്ചപ്പോഴും ചടയമംഗലം ഇടത്തോട്ട് മാറിനിന്നു. പക്ഷെ സകല കണക്കുകൂട്ടലുകളെയും ചരിത്രത്തെയും തിരുത്തി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ്. ഇടതിന്റെ പൊന്നാപുരം കോട്ടയിൽ എൻ.കെ. പ്രേമചന്ദ്രൻ നേടിയ അപ്രതീക്ഷിത ലീഡ് ഇടത് മുന്നണിയെ ഒന്നാകെ ഞെട്ടിച്ചു. ഇടത് കോട്ടയിൽ ഇക്കുറിയും ആ ലീഡ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എന്നാൽ കഴിഞ്ഞ പ്രാവശ്യത്തെ ‘ലീഡ്’ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടത് ക്യാമ്പ് .
ചടയമംഗലം മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ഏഴും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. കടയ്ക്കൽ, കുമ്മിൾ, ചിതറ, ഇട്ടിവ, ചടയമംഗലം , വെളിനല്ലൂർ, അലയമൺ പഞ്ചായത്തുകൾ എൽ.ഡി.എഫ് നിയന്ത്രിക്കുമ്പോൾ നിലമേലും, ഇളമാടും മാത്രമാണ് യു.ഡി. എഫിനുള്ളത്. ഏറെക്കാലം അടൂർ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു ചടയമംഗലം. അടൂർ മാവേലിക്കരയായി രൂപം മാറിയതോടെയാണ് ചടയമംഗലം കൊല്ലത്തേക്ക് നീങ്ങിയത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കൊല്ലം പാർലമെന്റ് മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു.
എക്കാലത്തും സി.പി.ഐയുടെ ഉറച്ച മണ്ഡലമായാണ് ചടയമംഗലം അറിയപ്പെട്ടിരുന്നത്. അതികായൻമാരായിരുന്ന എം.എൻ. ഗോവിന്ദൻ നായർ ,വെളിയം ഭാർഗ്ഗവൻ, ഇ.ചന്ദ്രശേഖരൻ നായർ എന്നിവർ ചടയമംഗലത്തെ നിയമസഭയിലെത്തി. ഒരു വട്ടം മാത്രമാണ് ഇടത് പക്ഷം അടിതെറ്റി വീണത്. സിറ്റിങ് എം.എൽ.എ ആയിരുന്ന ആർ. ലതാദേവിക്കെതിരെ പ്രയാർ ഗോപാലകൃഷ്ണന്റെ അട്ടിമറി വിജയം. മുല്ലക്കര രത്നാകരനെ ഇറക്കിയാണ് പിന്നീട് മണ്ഡലം തിരിച്ചു നേടിയത്. അന്ന് നേടിയ 4610 ഭൂരിപക്ഷത്തിൽ നിന്ന് അടുത്ത തവണ 20000ത്തിലേറെ വോട്ടിലേക്ക് ഭൂരിപക്ഷമുയർത്താൻ മുല്ലക്കരക്ക് കഴിഞ്ഞിരുന്നു. ചെങ്കോട്ടയാണെങ്കിലും 2014 ലോക്സഭ പോരിൽ എം.എ. ബേബിക്ക് 6000 ഭൂരിപക്ഷമേ ചടയമംഗലം നൽകിയുള്ളു. എൻ.കെ. പ്രേമചന്ദ്രനോടുള്ള ഇഷ്ടക്കൂടുതലായിരുന്നു പാർടി വോട്ടുകളിൽ വരെ ‘വിള്ളൽ’ വീഴ്ത്തിയത്. അതും കൂടി മുന്നിൽ കണ്ടായിരുന്നു ഇക്കുറി ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വർക്കുകൾ. കൃത്യതയോടെയുള്ളവർക്കു വഴി കൈ വിട്ട ഭൂരിപക്ഷം വർധിപ്പിക്കാനാണ് ഇടത് ക്യാമ്പിന്റെ പ്രവർത്തനം. രാഷ്ട്രീയ ഭേദമന്യേയുള്ള പ്രേമചന്ദ്രനോടുള്ള ഇഷ്ടം വോട്ടാക്കാനാണ് യു.ഡി.എഫ് ക്യാമ്പിലെ തീവ്രശ്രമം.
സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും മന്ത്രി കെ.എൻ ബാലഗോപാലും മത്സരിച്ചിട്ടും എൻ . കെ പ്രേമചന്ദ്രൻ മണ്ഡലത്തിൽ വ്യക്തമായ ആധിപത്യമാണ് കഴിഞ്ഞ രണ്ട് തവണയുമുണ്ടായത്. ആദ്യ തവണ ഭൂരിപക്ഷം നേടാനായില്ലെങ്കിലും 2019ൽ പ്രേമചന്ദ്രൻ ഒന്നാമതെത്തി. മുന്നണിയിലെ പ്രബല നേതാക്കൾക്ക് കഴിയാത്തത് താര പരിവേഷമുള്ള എം.മുകേഷിന് സാധ്യമാകുമെന്ന കരുതലിലാണ് ഇക്കുറി ഇടത് പക്ഷം. എങ്ങനെയെങ്കിലും മണ്ഡലം തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് ഇടത് പ്രവർത്തകർ. അതിനായി കുടുംബയോഗങ്ങളും പൊതുയോഗങ്ങളും നിരവധി വട്ടം വീടുകൾ കയറിയിറങ്ങിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങളും ഇടത് ക്യാമ്പ് ചിട്ടയായി നടത്തുന്നുണ്ട് . വനിത , യുവജന , വിദ്യാർഥി സ്ക്വാഡുകൾ അടക്കം യു.ഡി.എഫ് പ്രവർത്തകരും പിന്നാലെയുണ്ട്. ശക്തമായ പ്രചാരണവുമായി എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ രംഗത്തുള്ളപ്പോൾ എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണം മന്ദഗതിയിലാണ്. മണ്ഡലത്തിൽ നായർ സമുദായമാണ് പ്രബലർ. ഈഴവ, മുസ്ലിം സമുദായങ്ങൾ തൊട്ടുപിറകെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.