കൊല്ലം: എൽ.ഡി.എഫ് സംവാദത്തിന് വിളിച്ചിട്ട് കൊല്ലത്തെ എം.പിക്ക് മിണ്ടാട്ടമില്ലെന്ന് കൊല്ലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. ചാത്തന്നൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി പുറത്തിറക്കിയ വികസനരേഖയിൽ റെയിൽവേ അടക്കമുള്ള വികസനങ്ങൾ അദ്ദേഹമാണ് കൊണ്ടുവന്നതെന്നാണ് പറയുന്നത്. ആ വികസനരേഖ സംബന്ധിച്ച ഒരു സംവാദത്തിന് എൽ.ഡി.എഫ് അദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ്. എന്നാൽ, അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അതിനെക്കുറിച്ച് മിണ്ടാട്ടം ഇല്ല. റെയിൽവേ സ്റ്റേഷൻ സംബന്ധിച്ച എം.പിയുടെ അവകാശവാദത്തെ ബി.ജെ.പി സ്ഥാനാർഥി കൃഷ്ണകുമാർ ആദ്യം എതിർത്തിരുന്നു. ഇപ്പോൾ ആ എതിർപ്പ് കാണുന്നില്ല. അത് അവർ തമ്മിലുള്ള ധാരണയാണ്. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടിയം കനാൽ ജങ്ഷനിൽനിന്ന് ആരംഭിച്ച പര്യടനത്തിന് ആദിച്ചനല്ലൂർ, പൂയപ്പള്ളി, മരുതമൺ പള്ളി, ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഉച്ചക്കുശേഷം കുന്നുവാരത്തുനിന്ന് പര്യടനം ആരംഭിച്ചു. ചിറക്കര ക്ഷേത്രത്തിൽ പര്യടനം അവസാനിച്ചു. സ്ഥാനാർഥിക്കൊപ്പം ജി.എസ്. ജയലാൽ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ബി. തുളസീധരക്കുറുപ്പ്, ചാത്തന്നൂർ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ എന്നിവർ സഞ്ചരിച്ചു.
കൊല്ലം: എൽ.ഡി.എഫ് കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് ചവറയിലും വൈകീട്ട് നാലിന് കണ്ണനല്ലൂരിലും 5.30ന് ചടയമംഗലത്തും തെരഞ്ഞടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.
കൊല്ലം: യു.ഡി.എഫ് കൊല്ലം സ്ഥാനാർഥി എന്‍.കെ. പ്രേമചന്ദ്രന് ഇരവിപുരം മണ്ഡലത്തില്‍ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. ചകിരിക്കടയിൽനിന്ന് സ്വീകരണം ആരംഭിച്ചു.
സ്ഥാനാർഥിയെ കാണാൻ എത്തിയ കഴിയുന്നത്ര ആളുകളുമായി സംവദിച്ചാണ് സ്വീകരണ പരിപാടിയിലേക്ക് കടന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍, അവരുടെ പ്രശ്നങ്ങളിന്മേല് പാര്‍ലമെന്റംഗം എന്ന നിലയില്‍ കൈക്കൊണ്ടിട്ടുള്ള ഇടപെടലുകള്‍, ഇനിയും ബാക്കി നില്ക്കുന്ന വികസനപ്രശ്നങ്ങളും പ്രതിപാദിക്കുന്ന പ്രസംഗങ്ങളാണ് സ്വീകരണ വേദികളിൽ എൻ.കെ. പ്രേമചന്ദ്രൻ നടത്തിയത്.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് നൗഷാദ് യൂനുസ് ഉദ്ഘാടനം നിർവഹിച്ചു. ബേബിസണ്‍ അധ്യക്ഷത വഹിച്ചു. ബാബു ദിവാകരന്, എ. ഷാനവാസ് ഖാന്, വിപിനചന്ദ്രന്‍, ആദിക്കാട് മധു, സജി ഡി. ആനന്ദ്, വാളത്തുംഗല്‍ രാജഗോപാല്‍, ബീനാ കൃഷ്ണന്, പള്ളിമുക്ക് നാസിമുദ്ദീന്, എന്‍. നൗഷാദ്, നെജിം, മധുസുദനന്‍, ബൈജു ആലുംമൂട്, മണക്കാട് സലീം, മാജിതാ വഹാബ്, ദിലീപ് മംഗലഭാനു, എം. നാസര്‍, പാലത്തറ രാജീവ്, സുനില്‍ ജോസ്, ഹംസത്ത് ബീവി എന്നിവര്‍ പങ്കെടുത്തു.
ചൊവ്വാഴ്ച ചാത്തന്നൂര്‍ മണ്ഡലത്തില്‍ സ്വീകരണം നടക്കും. രാവിലെ 7.45ന് ആദിച്ചനല്ലൂര്‍ മണ്ഡലത്തിലെ പ്ലാക്കാട് ജംഗ്ഷനില്‍ നിന്നാരംഭിക്കും. പൂയപ്പള്ളി, ചാത്തന്നൂർ, ചിറക്കര എന്നിവിടങ്ങളിൽ സ്വീകരണം പൂർത്തിയാക്കി കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ വൈകീട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.