കൊല്ലം: നഗരത്തിൽ പൂട്ടിക്കിടക്കുന്ന വീടുകളിൽ നാളുകളായി മോഷണം നടത്തിവന്ന മോഷ്ടാവ് ഒടുവിൽ ഈസ്റ്റ് പൊലീസ് പിടിയിൽ. ആശ്രാമം നേതാജി നഗർ 74 ബി.എസ്.വി ഭവനിൽ വിഷ്ണുവാണ് അറസ്റ്റിലായത്. കടപ്പാക്കട, ചെമ്മാൻമുക്ക്, ആശ്രാമം ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന ആൾപ്പാർപ്പില്ലാത്ത വീടുകളിലാണ് പ്രതി മോഷണം നടത്തിയിരുന്നത്. വാതിൽ പൊളിച്ചുകയറി വയറിങ്ങും ടാപ്പുകളും ഫാനും മോഷ്ടിക്കുകയാണ് പതിവ്. നാല് മാസത്തോളമായി നഗരത്തിൽ മോഷണം നടക്കുന്നതായി പൊലീസിൽ പരാതി എത്തിയിരുന്നു.
എന്നാൽ, പൂട്ടിക്കിടക്കുന്ന വീടുകളിൽ താമസക്കാർ തിരിച്ചെത്തുമ്പോഴാണ് മോഷണം അറിയുന്നത് എന്നതിനാൽ മോഷ്ടാക്കളെ സംബന്ധിച്ച് വിവരങ്ങൾ കിട്ടാൻ പ്രയാസമായിരുന്നു. വൃത്തിയാക്കാൻ സ്ഥിരമായി ജോലിക്കാരൻ എത്തുന്ന ഒരു വീട്ടിൽ മോഷണം നടന്നതാണ് വഴിത്തിരിവായത്. ഇതിലൂടെ മോഷണം നടന്ന ദിവസം മനസ്സിലാക്കി സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുമ്പ് എം.ഡി.എം.എ കേസിൽ ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആശ്രാമത്ത് യുവാവിനെ ആക്രമിച്ച കേസിൽ കഴിഞ്ഞദിവസം ഈസ്റ്റിൽ ഇയാളുടെ അനുജൻ വിജയ് അറസ്റ്റ്ചെയ്ത് റിമാൻഡിലായിരുന്നു. കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ ഷെഫീക്ക്, അനു, അജയൻ, രമേഷ്, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.