കൊല്ലം: പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്ന കാമ്പയിൻ പൂർത്തിയായതോടെ പ്രകടന പത്രികയുടെ പണിപ്പുരയിൽ തിരക്കിലായി എൽ.ഡി.എഫ് ക്യാമ്പ്. എൽ.ഡി.എഫ് കൊല്ലം സ്ഥാനാർഥി എം. മുകേഷിന്റെ പ്രകടന പത്രികയിലേക്ക് ഉൾപ്പെടുത്താൻ ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന കാമ്പയിൻ ആണ് പൂർത്തിയായത്. കൊല്ലത്തെക്കുറിച്ച് ജനങ്ങൾക്കുള്ള വികസന പ്രതീക്ഷകളും സ്വപ്നങ്ങളും നിർദ്ദേശങ്ങളും ‘നിങ്ങൾ പറയൂ’ കാമ്പയിനിലൂടെയാണ് സ്വീകരിച്ചത്. കാമ്പെയിനിലൂടെ 300 അധികം നിർദേശങ്ങളാണ് ലഭിച്ചത്. നിർദേശങ്ങൾ ക്രോഡീകരിച്ച് ഒരാഴ്ചക്കകം പ്രകടനപത്രിക പ്രസിദ്ധീകരിക്കുന്നതിനുള്ള തിരക്കിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ക്യാമ്പ്.
കൊല്ലം മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും നേരിട്ട് നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. കൂടാതെ ഇമെയിൽ, വാട്സാപ്, കത്ത് എന്നീ മാർഗങ്ങളിലൂടെയും നിർദേശങ്ങൾ ലഭിച്ചു. പ്രചാരണത്തിൽ വ്യത്യസ്തനാകുന്നത് പോലെ പ്രകടന പത്രിക തയ്യാറാക്കുന്നതിലും വ്യത്യസ്തത പുലർത്താനാണ് മുകേഷ് ഇത്തരം ഒരു ക്യാമ്പെയിൻ ആവിഷ്കരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് പിന്നണി പ്രവർത്തകർ പറയുന്നത്. സ്വീകരണ പരിപാടികളിൽ പൂച്ചെണ്ടുകൾക്ക് പകരം നോട്ട് ബുക്കുകൾ നൽകിയാൽ മതിയെന്ന് മുകേഷ് അഭ്യർഥിച്ചതനുസരിച്ച് ഇതിനകം ആയിരത്തിലധികം നോട്ടുബുക്കുകൾ ആണ് വിവിധ സ്വീകരണസ്ഥലങ്ങളിലായി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.