കൊല്ലം: കൊല്ലത്തിന്ൻറ പുതുതലമുറക്ക് ഉപരിപഠന വഴിയിൽ അറിവുകൾ സമ്മാനിച്ച് മാധ്യമം എജു കഫെ. ജില്ലക്ക് അകത്തും പുറത്തും നിന്ന് ആയിരത്തോളം പേരാണ് ആദ്യദിനം കേരളത്തിന്റെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള സന്ദർശിച്ചത്.
രാവിലെ മന്ത്രി ജെ. ചിഞ്ചുറാണി സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ രജിസ്ട്രേഷന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ സെഷന് വേണ്ടി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എ.പി.എം. മുഹമ്മദ് ഹനീഷ് വേദിയിലെത്തിയപ്പോഴേക്കും സദസ്സ് നിറഞ്ഞുകവിഞ്ഞു. മത്സര പരീക്ഷകൾ നേരിടേണ്ടതിനെ കുറിച്ചുള്ള റെയ്സ് എയ്ഗൺ ഡയറക്ടർ എൻ.എം. രാജേഷിന്റെ സെഷനും ആവേശപൂർവം സദസ്സ് ഏറ്റെടുത്തു. തുടർന്ന് ദേവ് സ്നാക്സ് എം.ഡി ഡോ. ആർ. റോണകും വേദിയിലെത്തി.
മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ഡോ. സി.പി. ലക്ഷ്മി ചന്ദ്രൻ ലിബറൽ ആർട്സിനെ കുറിച്ച് വിശദീകരിച്ചു. ഉച്ചക്ക് ശേഷം ടോപ്പേഴ്സ് ടോക്കിൽ എം. മീനാക്ഷി, ജെ.ആർ. ഭദ്ര, ശ്രുതി സുനിൽ, ആദിത്യ സുരേഷ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചത് ഹൃദ്യാനുഭവമായി. ഉപരിപഠനരംഗത്ത് ഇന്ത്യയിൽ എന്തെല്ലാം സാധ്യതകൾ എന്നതിനെ കുറിച്ച് ആഴത്തിൽ അറിവ് സമ്മാനിച്ച് സിജി സംഘം കൈയടിനേടി.
എം.ബി.ബി.എസ് അവസരങ്ങളെ കുറിച്ച് ഷജാസ് ഷഹലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയെകുറിച്ച് സി.എൽ. പ്രമോദും ക്ലാസ് നയിച്ചു. സിവിൽ സർവിസ് സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നതായിരുന്നു ബി. അബ്ദുൽ നാസറിന്റെയും കസ്തൂരി ഷായുടെയും പ്രത്യേക സിവിൽ സർവിസ് സെഷൻ. വൈകീട്ട് ആദ്യദിനത്തിന് സംഗീതസാന്ദ്രമായ പരിസമാപ്തി സമ്മാനിച്ച് പി. ആനന്ദ് ഭൈരവ് ശർമയുടെയും മാതാപിതാക്കളായ പ്രവീൺ ശർമയുടെയും ആശ പ്രവീൺ ശർമയുടെയും സംഗീതപരിപാടിയും മികവുറ്റതായി.
കൊല്ലം: സ്വന്തം സ്വപ്നം എന്താണെന്ന് ഉറപ്പിക്കാനും അത് തുറന്നുപറയാനും സാധിക്കുന്ന കാലത്തേക്ക് എത്തിയത് ഇന്നത്തെ തലമുറക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്ന് എം. മുകേഷ് എം.എൽ.എ. മാധ്യമം എജുകഫെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമം എജുകഫെ പോലുള്ള അവസരങ്ങൾ ഇന്ന് ലഭിക്കുന്ന വിദ്യാർഥികൾ ഭാഗ്യവാൻമാരാണ്. ഇങ്ങനെ ഒരു സംവിധാനം പണ്ട് കേരളത്തിൽ കേട്ടിട്ടില്ല. എന്ത് ആകണമെന്നോ, എങ്ങനെ ആകണമെന്നോ താനുൾപ്പെടെയുള്ളവരുടെ ചെറുപ്പകാലത്ത് അറിയില്ലായിരുന്നു.
അന്ന് എന്റെ സ്വപ്നം ഇന്നതാണെന്ന് പറയാൻ വിമുഖത കാണിക്കുന്നവരായിരുന്നു കുട്ടികളും ചെറുപ്പക്കാരും. കലാരംഗത്തേക്ക് കടക്കുന്നത് പാപമാണെന്ന് പോലും കരുതിയിരുന്ന കാലമായിരുന്നു. എന്നാൽ, പല പല അനുഭവങ്ങളുടെ വെളിച്ചത്തിൽ നമ്മൾ മാറി.
അനുഭവത്തിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ സത്യം മനസിലാക്കു. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വന്ന ഏറ്റവും വലിയ മാറ്റം, നാട്ടുകാരും കുടുംബക്കാരും ഉൾപ്പെടെ എല്ലാവരും ഏതൊക്കെയാണ് നല്ലത്, പഠിച്ചാൽ സ്കോപ്പ് ഉള്ളത് ഉൾപ്പെടെ കാര്യങ്ങൾ കുട്ടികൾക്കൊപ്പം മനസിലാക്കുന്ന കാലത്ത് നാം എത്തി എന്നതാണ്. എന്ത് പഠിക്കണം, എന്താണ് ലക്ഷ്യം എന്ന് തുറന്നു പറയുന്ന കാലത്ത് എത്തിയത് ഭാഗ്യമാണ്.
കേരളത്തിന്റെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ഏറ്റവും നല്ല വിദ്യാഭ്യാസമാണ്. ചെയ്യുന്ന ജോലി സന്തോഷകരമല്ലെങ്കിൽ ജീവിതം ദുരന്തമാകും. ചുമതലകൾ 100 ശതമാനം സത്യസന്ധമായി ചെയ്യണം. ഒന്നും എളുപ്പമല്ല.
ചെയ്യുന്ന ജോലിയിൽ അതിജീവിക്കാൻ കഠിനാധ്വാനം കൂടിയേതീരു. ഓരോ നിമിഷവും മത്സരമാണ്. തനിക്ക് മുകളിൽ വരാൻ ഒരാൾ എന്തെങ്കിലും ചെയ്താൽ അതിൽ ഒരിക്കലും തളരരുത് എന്നും അതിജീവനത്തിന്റെ ജീവിതപാഠമാണതെന്നും മുകേഷ് വിദ്യാർഥികളെ ഓർമിപ്പിച്ചു.
കൊല്ലം: വിവിധ മേഖലകളിലെ പ്രതിഭകളുടെ സംഗമവേദിയായ ‘ടോപ്പേഴ്സ് ടോക്ക്’ എജു കഫെയിൽ ഹൃദ്യാനുഭവമായി. ആസ്ട്രോ ഫിസിക്സിൽ ജർമനിയിലെ ഹാംബർഗ് യൂനിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന എം. മീനാക്ഷി, ബയോടെക്നോളജിസ്റ്റ് ശ്രുതി സുനിൽ, ടി.കെ.എം കോളജ് വിദ്യാർഥിനി ജെ. ആർ. ഭദ്ര, പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാവ് ആദിത്യ സുരേഷ് എന്നിവരാണ് വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചത്.
തങ്ങളുടെ നേട്ടങ്ങളും അതിലേക്കുള്ള യാത്രയും ഓരോരുത്തരും വിവരിച്ചു. വിദേശ സർവകലാശാലയിൽ പഠിക്കുന്നതിന് അവസരം എങ്ങനെ നേടിയെടുത്തുവെന്ന് എം. മീനാക്ഷി വിശദീകരിച്ചു. എൻജിനീയറിങ് രംഗത്ത് മികവുറ്റ സ്കോളർഷിപ് നേട്ടത്തിന്റെ വഴിയാണ് ജെ. ആർ. ഭദ്ര പങ്കുവെച്ചത്. വാക്സിൻ ഉൽപാദനത്തിൽ ഉൾപ്പെടെ ബയോ ടെക്നോളജിക്ക് കൈവന്ന സ്വീകാര്യത സംബന്ധിച്ച് ശ്രുതി സുനിൽ സംസാരിച്ചു.
ഓസ്റ്റിയോ ജനിസിസ് ഇമ്പെർഫെക്ട എന്ന രോഗാവസ്ഥയിലും രണ്ട് ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ പാട്ടുകാരൻ ആയ ആദിത്യ സുരേഷ് സദസിന്റെ ഹൃദയംകവർന്നു. പൊളിറ്റിക്കൽ സയൻസിൽ തുടർപഠനം ആഗ്രഹിക്കുന്ന ആദിത്യ സിവിൽ സർവിസ് സ്വപ്നവും പങ്കുവച്ചു. മനോഹരമായൊരു പാട്ടും പാടിയ 16കാരൻ നേടിയ 90 ശതമാനം മാർക്കോടു കൂടിയുള്ള പ്ലസ് ടു വിജയത്തിന് നിറകൈയടിയോടെ സദസിന്റെ അഭിനന്ദനവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.