കൊല്ലം: ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പ്രതികൾ സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ പിടിയിലായി. പിടിയിലായവരിൽ കൂടുതലും ജാമ്യംലഭിച്ച ശേഷം കോടതിയിൽ ഹാജരാകാതെ ദീർഘകാലം ഒളിവിൽ കഴിഞ്ഞവരാണ്. ഇരുപത്തിയൊന്നോളം പ്രതികളാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിലാണ് ശനിയാഴ്ച സ്പെഷൽ ഡ്രൈവ് നടന്നത്.
1998ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതി മുതൽ കൊലപാതകക്കേസിൽ ഉൾപ്പെട്ട പ്രതിവരെ ഇതിലുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതിനും ലൈംഗികചേഷ്ടകൾ കാണിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമായി ഈസ്റ്റ്, വെസ്റ്റ്, അഞ്ചാലുംമൂട്, ചവറ, തെക്കുംഭാഗം, ചാത്തന്നൂർ, കൊട്ടിയം സ്റ്റേഷനുകളിൽനിന്ന് ഒമ്പതുപേരെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി പിഴയടപ്പിച്ചു.
അഞ്ചാലുംമൂട് സ്റ്റേഷനിൽ തടഞ്ഞുനിർത്തി അക്രമിച്ച കേസിലും കൊലപാതകശ്രമക്കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ നാല് പ്രതികളെയാണ് പൊലീസ് പിടികൂടിയത്.
ശക്തികുളങ്ങര, ചവറ, പാരിപ്പള്ളി സ്റ്റേഷൻപരിധികളിൽനിന്ന് കൊലപാതകശ്രമക്കേസുകളിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലും അടിപിടിക്കേസിലും രണ്ടുപേരെ അറസ്റ്റ് ചെയ്തു. സ്പെഷൽ ഡ്രൈവ് തുടരുമെന്ന് സിറ്റി പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.