1 സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന് സമീപമുള്ള പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റുകൾ, 2 കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതിലുണ്ടായ ഗതാഗതക്കുരുക്ക്
3 കച്ചേരി ജങ്ഷനിൽ കാൽനടയാത്രക്ക് സിഗ്നലുള്ളപ്പോഴും സീബ്ര ലൈനിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം
കൊല്ലം: ആശയകുഴപ്പം സൃഷ്ടിക്കുന്ന നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ അപകടസാധ്യത ഉയർത്തുന്നു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് പല ജങ്ഷനുകളിലും സിഗ്നലുകൾ സംവിധാനിച്ചിരിക്കുന്നത്. വാഹനങ്ങൾക്ക് മുന്നോട്ട് പോകുവാനുള്ള പച്ച സിഗ്നൽ ലഭിക്കുമ്പോൾ, കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള പെഡസ്ട്രിയൻ സിഗ്നലുകൾ പോകരുത് എന്ന് സൂചന നൽകുന്ന ചുവപ്പാകേണ്ടതുണ്ട്.
എന്നാൽ ഇങ്ങനെ പ്രവർത്തിക്കേണ്ട സിഗ്നലുകൾ നഗരത്തിൽ പലയിടങ്ങളിലും കാര്യക്ഷമമല്ല. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരേസമയം സഞ്ചരിക്കുവാനുള്ള പച്ച സിഗ്നൽ ലഭിക്കുന്നതാണ് നിലവിലെ സാഹചര്യം.
തന്മൂലം പെഡസ്ട്രിയൻ സിഗ്നൽ ലൈറ്റ് നോക്കി ഉറപ്പുവരുത്തി സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാർക്ക് അതേസമയം മുന്നോട്ട് എടുക്കുന്ന വാഹനങ്ങൾ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വ്യത്യസ്ത ട്രാഫിക്ക് നിർദേശങ്ങൾ സൂചിപ്പിക്കുന്ന നിറങ്ങൾ ഒന്നിച്ച് പ്രകാശിക്കുന്ന ജങ്ഷനുകളും നഗരത്തിലുണ്ട്.
സിഗ്നൽ ഉടൻ മാറാൻ സാധ്യതയുണ്ടന്നും ശ്രദ്ധയോടെ വാഹനം മുന്നോട്ട് എടുക്കണമെന്ന് സൂചിപ്പിക്കുന്ന മഞ്ഞനിറം, ചുവപ്പ്നിറത്തിനൊപ്പം ചിന്നക്കടയിലെ ബസ്ബേക്ക് സമീപമുള്ള സിഗ്നൽ പോസ്റ്റിൽ സ്ഥിരമായി തെളിയുന്നതായി കാണാം. ആശ്രാമം ഭാഗത്ത് ഫ്രീ ലെഫ്റ്റ് അനുവദനീയമാണെന്ന് സൂചിപ്പിക്കുന്ന സിഗ്നൽ പ്രവർത്തിക്കുന്നില്ല.
ചിന്നക്കട, കച്ചേരി ജങ്ഷൻ, ഹൈസ്കൂൾ ജങ്ഷൻ തുടങ്ങിയ നഗരത്തിലെ പ്രധാന സിഗ്നലുകൾ എല്ലാം തോന്നിയപോലെയാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ ജങ്ഷനിലെ സിഗ്നൽ മഴയായാൽ പ്രവർത്തിക്കുക പോലുമില്ല. വാഹനയാത്രക്കാർ പെഡസ്ട്രിയൻ സിഗ്നലുകൾ വകവെക്കാതെ യഥേഷ്ടം സഞ്ചരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.