കൊല്ലം: സ്കൂൾ തുറക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ, ജില്ലയിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് ചെക്ഡ് സ്ലിപ് വാങ്ങാൻ ഇനിയും ആയിരത്തിലധികം ബസുകൾ ബാക്കി. ജില്ലയിൽ 1800 ഓളം സ്കൂൾ ബസുകളാണ് കഴിഞ്ഞ വർഷം സർവിസ് നടത്തിയത്.
ഇത്തവണ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ബസുകളും ആർ.ടി.ഒയുടെ ഫിറ്റ്നസ് പരിശോധനക്ക് വിധേയമായി ഫിറ്റ്നസ് ചെക്ഡ് സ്ലിപ് വാങ്ങുന്നതിനുള്ള പരിശോധനകളുടെ തിരക്കാണ് എങ്ങും. താലൂക്കുകൾ കേന്ദ്രീകരിച്ചാണ് സബ് ആർ.ടി.ഒകളുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.
ആകെ 519 സ്കൂൾ ബസുകളുള്ള കൊല്ലം താലൂക്കിൽ ഉൾപ്പെടെ ഇക്കഴിഞ്ഞ ആഴ്ച സ്കൂൾ ബസുകളുടെ പ്രത്യേക ഫിറ്റ്നസ് പരിശോധന നടത്തിയിരുന്നു. ഇതുവരെ 240 വാഹനങ്ങൾ ഫിറ്റ്നസ് സ്ലിപ് സ്വന്തമാക്കി. കരുനാഗപ്പള്ളി -280, കുന്നത്തൂർ -18, പുനലൂർ -20, കൊട്ടാരക്കര- 70 എന്നിങ്ങനെയാണ് ഇതുവരെ ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ച വാഹനങ്ങൾ. പത്തനാപുരത്ത് തിങ്കളാഴ്ചയാണ് പ്രത്യേക പരിശോധന നടക്കുന്നത്.
പ്രത്യേക പരിശോധനക്ക് ഹാജരാക്കാൻ കഴിയാത്ത വാഹനങ്ങൾ അടുത്ത ദിവസങ്ങളിൽ ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ എത്തിച്ചായിരിക്കും സ്കൂൾ തുറക്കുന്നതിന് മുമ്പ് പരിശോധന കടമ്പ കടക്കുന്നത്. ജി.പി.എസ്, 50 കിലോമീറ്റർ വേഗപരിധിയിലുള്ള സ്പീഡ് ഗവേണർ ഉൾപ്പെടെ കർശനമായാണ് പരിശോധന നടത്തുന്നത്.
വാഹനങ്ങളുടെ ബ്രേക്ക്, ലൈറ്റ്, പ്ലാറ്റ്ഫോം എന്നിവയും കൃത്യമായാൽ മാത്രമേ ഫിറ്റ് ആണെന്ന സ്ലിപ് കിട്ടുകയുള്ളൂ. വിവിധ സബ് ആർ.ടി.ഒകളുടെ നേതൃത്വത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമായി ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.