ഓയൂർ: മരുതിമലയിൽ റവന്യൂ അധികൃതരെ കൂട്ടുപിടിച്ച് സ്വകാര്യ വ്യക്തികൾ ബദൽ ടൂറിസത്തിന് പദ്ധതിയിടുന്നതായി ആരോപണം. 2009ൽ ഇക്കോ ടൂറിസം പദ്ധതി മരുതിമലയിൽ ആരംഭിച്ചപ്പോൾ ടൂറിസം വകുപ്പിന്റെ ഇടപെടലിലൂടെ റവന്യു ഭൂമി വെളിയം പഞ്ചായത്തിന് 20 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. 2012ൽ 28 ലക്ഷം മുടക്കി മലമുകളിൽ വഴി വെട്ടൽ, വേലികെട്ടൽ, വൈദ്യുതി എത്തിക്കൽ, കുടിവെള്ളം എന്നിവയാണ് ചെയ്തത്.
മുൻ എം.എൽ.എ പി. അയിഷാ പോറ്റിയുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് മലമുകളിൽ കെട്ടിടങ്ങൾ നിർമിക്കൽ, അനുബന്ധ നിർമാണങ്ങൾ എന്നിവ നടത്തി. 2020ഓടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. ശേഷമാണ് പാറ ഖനന മാഫിയ സംഘം റവന്യൂ വകുപ്പിനെ സ്വാധീനിച്ച് മലമുകളിൽ 8.5 ഹെക്ടർ സ്വന്തമാക്കിയത്. വെളിയം പഞ്ചായത്തും നാട്ടുകാരും പ്രക്ഷോഭമായി രംഗത്ത് വന്നു. പഞ്ചായത്ത് അധികൃതർ കലക്ടറെ കണ്ട് വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് മാസം മുമ്പ് കലക്ടർ മരുതിമല സന്ദർശിച്ചു. ശേഷം സർവേ വകുപ്പ് 38 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന മരുതിമല അളക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടുമാസം കൊണ്ട് മരുതിമല അളന്ന് തിട്ടപ്പെടുത്തി. ഇതിന്റെ റിപ്പോർട്ട് കലക്ടർക്ക് തഹസിൽദാർ നൽകുകയും ചെയ്തു. ഈ റിപ്പോർട്ടിൽ 8.5 ഹെക്ടർ ഭൂമി സ്വകാര്യവ്യക്തികളുടേതാണെന്നാണ് റവന്യൂവകുപ്പിൽ നിന്ന് പുറത്തു വരുന്ന വിവരം. ഇതറിഞ്ഞതോടെ പാറ മാഫിയ മരുതി മലയിലെ അടിവാരത്തെ ഭൂമികൾ വാങ്ങിക്കൂട്ടി. ശേഷം പുകമറ സൃഷ്ടിക്കുന്ന രീതിയിൽ മലമുകളിൽ ടാഗോർ, ശ്രീനാരായണ ഗുരു എന്നിവരുടെ പ്രതിമകൾ പണിയുമെന്ന് പഞ്ചായത്തിനെ അറിയിച്ചു. ഇത് ബദൽ ടൂറിസം നടപ്പാക്കാനാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ, പഞ്ചായത്ത് നടപ്പാക്കുന്ന ഇക്കോ ടൂറിസത്തിന് ബദലായി പാറ മാഫിയ മരുതിമല സ്വന്തമാക്കാനുള്ള നടപടിയാണ് തുടങ്ങി വരുന്നത്. രണ്ടാഴ്ച മുമ്പ് മരുതിമല ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മലമുകളിൽനിന്ന് മണ്ണെടുത്തുനീക്കാൻ ശ്രമം നടത്തിയത് പാറ മാഫിയ അവരുടെ വസ്തുവാണെന്ന് അറിയിച്ച് തടഞ്ഞിരുന്നു. ഇത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.