കൊല്ലം: ഭൂരിപക്ഷക്കണക്കിൽ കൊല്ലം മണ്ഡലത്തിലെ എക്കാലത്തെയും മികച്ച ‘സ്കോർ’ സ്വന്തമാക്കി എൻ.കെ. പ്രേമചന്ദ്രൻ. കഴിഞ്ഞ തവണത്തെ വോട്ടിനെക്കാൾ ആകെ കിട്ടിയ വോട്ട് 53,636 കുറഞ്ഞിട്ടും ഭൂരിപക്ഷം ഉയർത്തിയ മാജിക് ആണ് എൻ.കെ. പ്രേമചന്ദ്രന്റെ വിജയത്തിലെ ഹൈലൈറ്റ്. കഴിഞ്ഞതവണ 497,264 വോട്ടുകൾ കിട്ടിയ സ്ഥാനത്ത് ഇത്തവണ 443,628 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 1,49,772 വോട്ടുകൾ എന്നതിൽനിന്ന് ഇത്തവണ 150302 വോട്ടുകളാക്കി ഉയർത്തിയാണ് ഹാട്രിക് ജയം തകർപ്പനാക്കിയത്. കൊല്ലം മണ്ഡലത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
എല്ലാവർക്കും പരിചിതനായ എം. മുകേഷ്, പ്രേമചന്ദ്രന് ലഭിക്കുന്നത് പോലെ വ്യക്തിഗത വോട്ടുകൾ ധാരാളം പിടിക്കുമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. മറ്റൊരു നേതാവിനെയും നിർത്താതെ സിറ്റിങ് എം.എൽ.എയെതന്നെ നിർത്തിയതിന് പിന്നിൽ അക്കാര്യം പ്രധാന കാരണമായിരുന്നു. എന്നാൽ, കഴിഞ്ഞതവണ കെ.എൻ. ബാലഗോപാൽ നേടിയ വോട്ടുപോലും നേടാതെ തുടക്കത്തിൽ തന്നെ വീണുപോകുന്നതായി കാഴ്ച. 347,492 വോട്ടുകൾ കെ.എൻ. ബാലഗോപാൽ നേടിയ സ്ഥാനത്ത് 293,326 വോട്ടുകളാണ് മുകേഷിന് ലഭിച്ചത്. 54,166 വോട്ടുകളാണ് എൽ.ഡി.എഫിന് നഷ്ടമായത്. ഉറച്ച പാർട്ടി വോട്ടുകൾ പോലും പെട്ടിയിൽ വീണില്ല എന്നത് വരുംദിനങ്ങളിൽ വലിയ ചർച്ചകൾക്കായിരിക്കും മുന്നണിയിൽ വഴിതുറക്കുന്നത്.
കൊല്ലം: രാവിലെ തന്നെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സന്ദർശനം നടത്തി ആർ.എസ്.പി പാർട്ടി ഓഫിസിലേക്കാണ് എൻ.കെ. പ്രേമചന്ദ്രൻ എത്തിയത്. അവിടെ 8.10ഓടെ എത്തുമ്പോൾ ചാനലുകളിൽ വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ വന്നുതുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. മുന്നണി നേതാക്കൾക്കൊപ്പം ടി.വിക്ക് മുന്നിൽ നിലയുറപ്പിച്ചപ്പോൾ ആദ്യമെത്തിയത് കൊല്ലത്തിന് നേരെ എൽ.ഡി.എഫ് ലീഡ് എന്ന വാക്കുകൾ. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴുള്ള സ്ഥിതിയിൽ ചെറിയൊരു മൂകത മുറിയിൽ നിറഞ്ഞതുപോലെ ഫീൽ.
ടെലിവിഷനിലെ സ്ക്രോളുകൾക്കൊപ്പം സ്ഥാനാർഥിയുടെ മുഖത്തുൾപ്പെടെ ഭാവങ്ങൾ മാറി സന്തോഷ പുഞ്ചിരി പിറന്നത് 8.40ഓടെയാണ്. വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങിയതിന്റെ സൂചന നൽകി ലീഡിന്റെ ഒറ്റക്കുതിപ്പുമായി എൻ.കെ. പ്രേമചന്ദ്രൻ എന്ന പേര് തെളിഞ്ഞു. 3858 എന്ന ലീഡ് നിലയിൽനിന്ന് പിന്നെ ഉയർച്ചയുടെ മണിക്കൂറുകൾആയതോടെ ആർ.എസ്.പി ഓഫിസിൽ നിന്ന് സ്ഥാനാർഥിയും സംഘവും ഡി.സി.സി ഓഫിസിലേക്ക് തിരിച്ചു.
10.40ന് ഡി.സി.സിയിലെത്തുമ്പോഴേക്കും കൊല്ലം സുനിശ്ചിതമായി മാറിയതിന്റെ ആഹ്ലാദ നിമിഷങ്ങളായിരുന്നു. വിജയം ഉറപ്പിക്കുന്ന ലീഡിലേക്ക് ഉയർന്നിട്ടും ടി.വിക്ക് മുന്നിലായിരുന്നു പിന്നെയും മണിക്കൂറുകൾ. ഇതിനിടയിൽ ഒരുപാത്രം നിറയെ ഉണ്ണിയപ്പവുമായി ആർ.എസ്.പി പ്രവർത്തകർ എത്തി. 12.30 ആയപ്പോഴേക്കും യൂത്ത് കോൺഗ്രസുകാർ വക കേക്കും എത്തി. അപ്പോൾ ടി.വി സ്ക്രീനിലെ ഭൂരിപക്ഷം 89000 കടന്നിരുന്നു. മുറിനിറഞ്ഞുനിന്ന നേതാക്കന്മാർക്കും പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടതിന് പിന്നാലെ ലീഡ് 90000 കടന്ന സന്തോഷവുമെത്തി. ഇടക്ക് വെള്ളരിപ്രാവുകളെ പറത്തിവിട്ട് ആഘോഷം. അഭിനന്ദിക്കാൻ എത്തുന്നവർക്ക് കൈകൊടുത്തും സെൽഫിയെടുത്തും പിന്നെയും മണിക്കൂറുകൾ.
ഭാര്യ എസ്. ഗീതയും മരുമകളും കൊച്ചുമകനും കൂടി എത്തിയതോടെ ആവേശം വീണ്ടുമുയർന്നു. ഉച്ച കഴിഞ്ഞതോടെ ലക്ഷത്തിന് മുകളിൽ കുതിക്കുന്ന ഭൂരിപക്ഷവുമായി വോട്ടർമാരെ കാണാൻ ഇറങ്ങി. ഡി.സി.സിയിൽനിന്ന് ആരംഭിച്ച ആഘോഷപ്രകടനം കൊല്ലം നഗരത്തിലും കുണ്ടറ, കണ്ണനല്ലൂർ, ആയൂർ, അഞ്ചൽ, കടയ്ക്കൽ, നിലമേൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം വഴി പള്ളിമുക്കിൽ സമാപിച്ചപ്പോഴേക്കും ചരിത്രഭൂരിപക്ഷവുമായി വിജയയാത്ര പൂർത്തിയായിരുന്നു.
കൊല്ലം: രാവിലെ മുതൽ ട്രെൻഡ് വ്യക്തമായതോടെ ആരവമില്ലാത്ത സ്ഥിതിയിലായിരുന്നു സി.പി.എം ജില്ല കമ്മിറ്റി ഓഫിസ്. എസ്. സുദേവൻ, എസ്. ജയമോഹൻ, ഏണസ്റ്റ്, കെ. വരദരാജൻ, കെ. രാജഗോപാൽ എന്നീ നേതാക്കൾ ഓഫിസിൽ ഉണ്ടായിരുന്നെങ്കിലും സ്ഥാനാർഥി എം. മുകേഷ് എത്തിയില്ല. പട്ടത്താനത്തെ വീട്ടിൽ അമ്മക്കും സഹോദരിക്കുമൊപ്പമാണ് വോട്ടെണ്ണൽ ദിനം ചെലവഴിച്ചത്. പ്രതികരണത്തിനോ വോട്ടെണ്ണൽ വിലയിരുത്തുന്നതിനോ പാർട്ടി ഓഫിസിൽ എത്തിയില്ല.
കൊല്ലം: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽനിന്നുള്ള മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടത്തും ആധിപത്യം പുലർത്തിയത് എൽ.ഡി.എഫിന്റെ സി.എ. അരുൺകുമാർ. പത്തനാപുരം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിലിനൊപ്പം നിന്നപ്പോൾ കൊട്ടാരക്കരയും കുന്നത്തൂരും അരുണിന് ഭൂരിപക്ഷം നൽകി. പത്തനാപുരം നിയമസഭ മണ്ഡലത്തിൽ 50601 വോട്ട് നേടിയപ്പോൾ സി.പി.ഐയുടെ അരുൺ കുമാറിനാകട്ടെ 49143 വോട്ടുകളാണ് ലഭിച്ചത്. കൊടിക്കുന്നിൽ 1458 വോട്ടിന് മുന്നിലെത്തി. ബി.ജെ.പിയുടെ ബൈജു കലാശാലക്ക് 17261 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കൊട്ടാരക്കരയിൽ അരുൺ കുമാറിന് 56929 വോട്ടുകളുമായി മണ്ഡലത്തിൽ ഭൂരിപക്ഷം നേടി. കൊടിക്കുന്നിലിന് 53526 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 30403 വോട്ടിന് അരുൺകുമാർ മുന്നിൽ. ബി.ജെ.പിയുടെ ബൈജു കലാശാലക്ക് 20999 വോട്ട് ലഭിച്ചു. കൂന്നത്തൂരിൽ കൊടിക്കുന്നിലിന് 59155 വോട്ട് ലഭിച്ചപ്പോൾ അവിടെയും അരുണിന് മുൻതൂക്കം. 60502 വോട്ടുകൾ ലഭിച്ചതിൽ 1347 വോട്ടിന്റെ ലീഡ് നേടി. ബി.ജെ.പിയുടെ ബൈജു കലാശാലക്ക് 22473 വോട്ടുകളും നേടി.
കൊല്ലം: ലോക്സഭ മണ്ഡലത്തിലെ കനത്ത തോൽവിയുടെ ആഘാതം കടുത്തതാക്കി സ്വന്തം ബൂത്തിൽ തന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ്. പട്ടത്താനം എസ്.എൻ.ഡി.പി യു.പി സ്കൂളിലെ 50ാം നമ്പർ ബൂത്തിലാണ് മുകേഷിന് തിരിച്ചടി കിട്ടിയത്. ഇവിടെ ബി.ജെ.പിക്കും പുന്നിൽ മുകേഷ് പോയപ്പോൾ യു.ഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രന്റെ സ്വന്തം ബൂത്തിൽ ഒന്നാം സ്ഥാനം പിടിച്ച് മുകേഷ് അമ്പരപ്പിച്ചു. മുകേഷിന്റെ ബൂത്തിൽ 427 വോട്ടുകൾ നേടി എൻ.കെ. പ്രേമചന്ദ്രനാണ് ഒന്നാമതെത്തിയത്. 275 വോട്ടുനേടിയ ബി.ജെ.പി സ്ഥാനാർഥി ജി. കൃഷ്ണകുമാറിനും പിന്നിൽ 181 വോട്ടുമായാണ് മുകേഷ് ഫിനിഷ് ചെയ്തത്. എൻ.കെ. പ്രേമചന്ദ്രന്റെ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ് സ്കൂളിലെ 42ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടുകൾക്കാണ് മുകേഷ് ഒന്നാമതെത്തിയത്. 237 വോട്ട് മുകേഷും 235 വോട്ട് പ്രേമചന്ദ്രനും നേടി. ജി. കൃഷ്ണകുമാർ 57 വോട്ട് മാത്രമാണ് ഇവിടെ നേടിയത്.
കൊല്ലം: സ്വതന്ത്രവും നീതിയുക്തവുമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടത്താനായതെന്ന് വരണാധികാരിയായ കലക്ടര്‍ എന്‍. ദേവിദാസ്. കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയമസഭ നിയോജക മണ്ഡലങ്ങളിലെയും വോട്ടുകള്‍ തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂളിലാണ് എണ്ണിയത്. പുലർച്ചെ അഞ്ചിന് അവസാനവട്ട റാന്ഡമൈസേഷന് നടത്തി. രാവിലെ ഏഴിന് സ്ട്രോങ് റൂമുകള്‍ തുറന്ന് ബാലറ്റ് മെഷീനുകള്‍ പുറത്തെടുത്തു. തുടര്‍ന്ന് എട്ടു മണിക്കാണ് തപാല്‍ വോട്ടുകള്‍ എണ്ണിയത്. ആകെ 12048 വോട്ടുകൾ (തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള 3449 ഉദ്യോഗസ്ഥര്‍, 85 വയസ്സ് കഴിഞ്ഞ 4993 പേര്, 2208 ഭിന്നശേഷിക്കാര്‍, അവശ്യസര്വിസിലുള്ള 1398). പട്ടാളക്കാര്‍ക്കുള്ള 2124 ഇ.ടി.പി.ബി.എം.എസ് വോട്ടുകള്‍ രാവിലെ നിശ്ചിതസമയം വരെ സ്വീകരിച്ചു.
ഇ.വി.എമ്മുകളുടെ കൗണ്ടിങ് കലക്ടറുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ അരവിന്ദ് പാല് സിംഗ് സന്ധുവും അസിം താഹയും മേല്‍നോട്ടം നടത്തിയാണ് നിര്‍വഹിച്ചത്. 1300ല്‍പരം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് വോട്ടെണ്ണിയത്. ഇ.വി.എം കൗണ്ടിങ്ങിനായി ഓരോഹാളിലും 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും വിനിയോഗിച്ചു. 14 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.
ത്രിതല സുരക്ഷാസംവിധാനത്തിലായിരുന്നു നടപടിക്രമങ്ങള്‍. ഓരോ ഘട്ടത്തിലും നടപടിക്രമം കൃത്യതയോടെ പാലിച്ചാണ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണിയത്. ഏഴു മണ്ഡലങ്ങളിലേയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ അതത് കേന്ദ്രങ്ങളുടെ പൊതുചുമതലകള്‍ കുറ്റമറ്റരീതിയില്‍ നിര്‍വഹിച്ചുവെന്ന് കലക്ടര്‍ വ്യക്തമാക്കി. വിവരങ്ങളെല്ലാം കൃത്യതയോടെ പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ തത്സമയംലഭ്യമാക്കി. സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടത്താനായതെന്നും അറിയിച്ചു. സിറ്റി പൊലീസ് കമീഷണര്‍ വിവേക് കുമാര്‍, എ.ഡി.എം സി.എസ്. അനില്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സഞ്ജയ് ജേക്കബ് ജോണ്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.