കൊല്ലം: ഓണവിപണിയിൽ നേട്ടവുമായി ജില്ലയിൽ കുടുംബശ്രീയും. സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണംവിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. വിവിധ മേളകളിൽനിന്നായി ജില്ലയിൽ ഓണക്കാലത്ത് 2.22 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭകർക്ക് ലഭിച്ചത്. ജില്ലാതല വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് രണ്ടുലക്ഷം രൂപയും ഗ്രാമ നഗര സി.ഡി.എസുകൾക്ക് 20,000 രൂപ വീതവുമായിരുന്നു നൽകിയിരുന്നത്. ഇതുകൂടാതെ നഗര സി.ഡി.എസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളക്കും 10,000 രൂപ വീതവും നൽകിയിരുന്നു.
ഓരോ അയൽക്കൂട്ടത്തിൽനിന്നും കുറഞ്ഞത് ഒരുൽപന്നമെങ്കിലും മേളകളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഓണച്ചന്തയിലെത്തിയ എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ ലോഗോ പതിച്ച കവർ, പായ്ക്കിങ്, യൂനിറ്റിന്റെ പേര്, വില, ഉൽപാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബലും നൽകിയിരുന്നു.
കുടുംബശ്രീയുടെ ഓണമേള, ജില്ലയിലെ ഹോംഷോപ്പ് സംവിധാനം, കുടുംബശ്രീ ബസാർ എന്നിവയിലുടെയാണ് കുടുംബശ്രീ ഉൽപന്നങ്ങൾ വിറ്റഴിച്ചത്.
ജില്ലയിലെ 74 ഗ്രാമ, നഗര സി.ഡി.എസുകളിലായി നടത്തിയ 150 മേളകളിൽനിന്ന് 2.09 കോടിയുടെ വിറ്റുവരവാണുണ്ടായത്. കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ ഉൽപന്നങ്ങളായിരുന്നു മേളകളിൽ അധികവും വിൽപനക്കെത്തിച്ചത്.
ഓണത്തിന്റെ ട്രേഡ് മാർക്ക് വിഭവങ്ങളായ ചിപ്സിനും ശർക്കരവരട്ടിക്കും പുറമെ മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ് മസാല, സ്റ്റീമിഡ് പുട്ടുപൊടി, വറുത്ത അരിപ്പൊടി, ഗരം മസാല എന്നിവയും കുടുംബശ്രീ പുറത്തിറക്കിയിരുന്നു.
ചിപ്സ്, ശർക്കരവരട്ടി, കാശ്മീരിച്ചില്ലി എന്നിവയാണ് വിറ്റുപോയവയിൽ അധികവും.
കുടുംബ്രശീ ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ആകർഷകമായ പാക്കിങ്ങിലാണ് ചിപ്സും ശർക്കരവരട്ടിയും വിപണിയിലെത്തിച്ചത്. ഇവ കൂടാതെ തേൻ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷം 92.35 ലക്ഷം രൂപയുടെ വർധനവാണ് ഓണമേളകളിലുണ്ടായത്. 1.17 കോടി കഴിഞ്ഞവർഷം കുടുംബശ്രീ നേടി.
ജില്ല പഞ്ചായത്തും വ്യവസായ വകുപ്പും കുടുംബശ്രീയും സംയുക്തമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘സമൃദ്ധി 2024’ പ്രദർശന വിപണന മേളയിൽ 55,960 രൂപയാണ് ബ്രാൻഡഡ് ഉൽപന്നങ്ങളുടെ സ്റ്റാളിൽനിന്ന് മാത്രം ലഭിച്ച വിറ്റുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.