കൊല്ലം: ഓണ ദിവസങ്ങളിൽ കൊല്ലം നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൊല്ലം സിറ്റി പൊലീസ് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗര പരിധിയിൽ അനധികൃത പാർക്കിങ് കർശനമായി തടയും. പാർക്കിങ്ങിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം സ്ഥലങ്ങൾ കണ്ടെത്തി ബോർഡുകൾ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ അതത് സ്ഥാപനങ്ങളുടെ പാർക്കിങ് ഏരിയകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. ജില്ല ആശുപത്രിക്ക് സമീപമുള്ള തണൽ ഗ്രൗണ്ട്, ആണ്ടാമുക്കത്തെ കോർപറേഷൻ ഗ്രൗണ്ട്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെ പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി പല റോഡുകളും പകൽ സമയങ്ങളിൽ വൺവേകളായി ക്രമീകരിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ കല്ലുപാലം-മൂലക്കട റോഡ്, ചിന്നക്കട-ആർ.കെ ജങ്ഷൻ റോഡ്, കുമാർ ജങ്ഷൻ-ചാമക്കട റോഡ്, ആണ്ടാമുക്കം- ഹനുമാൻ കോവിൽ റോഡ്, സെന്റ് ജോസഫ് ജങ്ഷൻ-ആർ.കെ ജങ്ഷൻ റോഡ്(തുയ്യംപള്ളി വഴി) എന്നിവ വൺവേ റോഡുകളായിരിക്കും.
എസ്.എൻ വിമൻസ് കോളജ്-ജവഹർ ജങ്ഷൻ റോഡ്, തങ്കശ്ശേരി ലൈറ്റ് ഹൗസ് റോഡ്-മൗണ്ട് കാർമൽ സ്കൂൾ റോഡ്, ഇൻഫന്റ് ജീസസ്-തങ്കശ്ശേരി ലൈറ്റ് ഹൗസ് റോഡ്, ആൽത്തറമൂട്-ലക്ഷ്മിനട റോഡ്(സെൻറ് അലോഷ്യസ് വഴി) എന്നീ റോഡുകളിൽ രാവിലെ 8.30 മുതൽ 10.00 വരെയും വൈകീട്ട് 3.30 മുതൽ വൈകീട്ട് അഞ്ചുവരെയും വൺവേ ട്രാഫിക് മാത്രമേ അനുവദിക്കുകയുള്ളൂ. ഓണക്കാലയളവിൽ വീട് വിട്ടുപോകുന്നവർ വിവരം പൊലീസ് സ്റ്റേഷനിൽ നേരിട്ടോ, കേരള പൊലീസിന്റെ പോൽ ആപ് വഴിയോ അറിയിക്കണം. ഇവിടങ്ങളിൽ പൊലീസ് ശ്രദ്ധ ശക്തിപ്പെടുത്തും. ജില്ലയിലേക്കുള്ള ലഹരി പദാർഥങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ 0474 2742265, 1090 എന്നീ നമ്പറുകളിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരെ സംബന്ധിച്ച കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്ഥിരംകുറ്റവാളികളെ പൊലീസ് പ്രത്യേകമായി നിരീക്ഷിക്കും. ബീച്ച്, പാർക്കുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ എ.സി.പിമാരുടെ മേൽനോട്ടത്തിൽ പൊലീസ് പട്രോളിങ് ഉണ്ടായിരിക്കും.
നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളിൽ പൊതുജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയും മറ്റ് ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.