കൊല്ലം: ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ചങ്ങരോത്ത് അവടുക്ക എൽ.പി സ്കൂളിന് സമീപം മീതലെ കുന്നത്ത് വീട്ടിൽ മുഹമ്മദ് സാലിം (21) ആണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയർ ട്രേഡിങ് സ്ഥാപനത്തിന്റെ പരസ്യം അയച്ച് വിശ്വസിപ്പിച്ച ശേഷം വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ മാർക്കറ്റ് ഹൈ ആണെന്നും ഷെയർ ട്രേഡിങ് വഴി 100 ശതമാനം ലാഭം ലഭിക്കുമെന്നും അറിയിച്ച ശേഷം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഐ.പി.ഒ(ഇനിഷ്യൽ പബ്ലിക്ക് ഓഫറിംഗ്) അലോട്ട് ആയിട്ടുണ്ടെന്നും ഷെയർ വാങ്ങിയില്ലെങ്കിൽ ഫണ്ട് ബ്ലോക്ക് ആകുമെന്നും മറ്റും മെസേജ് അയച്ച് വിശ്വസിപ്പിച്ചു.
ഇത്തരത്തിൽ 43 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം നഷ്ടമായതിനെ തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി.പൊലീസ് കമീഷണർ എ. നസീറിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐ നിയാസ്, എസ്.ഐ. നന്ദകുമാർ, സി.പി.ഒമാരായ ബിനൂബ് കുമാർ, അബ്ദുൽ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.