കൊല്ലം: ചെയ്സിങ്ങും റെയ്സിങ്ങുമായി ജീവന് വിലകൽപ്പിക്കാതെ യുവത്വം വാഹനവുമായി ഇറങ്ങുമ്പോൾ അപകടങ്ങളും അകമ്പടിയായി എത്തുകയാണ്. റീൽസിലും ഷോർട്സിലും താരമാകാൻ ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം ഷോപീസ് ആക്കി മാറ്റുമ്പോൾ റോഡിലൂടെ നിയമമനുസരിച്ച് വാഹനം ഓടിക്കുന്നവർ കൂടി അപകടത്തിലാകുന്നു.
സോഷ്യൽ മീഡിയ ലോകത്തെ ലൈക്കുകളും കാഴ്ചക്കാരും മേൽക്കൈ നേടുമ്പോൾ റോഡിൽ പതിയിരിക്കുന്ന അപകടങ്ങൾ മനഃപൂർവം വിസ്മരിക്കപ്പെടുകയാണ്. ജില്ലയിൽ ആഡംബര ബൈക്കുകളിലും മറ്റും റോഡിൽ ചീറിപ്പായുന്നവരിൽ കൗമാരം കടക്കാത്തവർ മുതലുണ്ട്. ഇതിൽ ലൈസൻസ് ഇല്ലാത്തവരുൾപ്പെടെയുണ്ട് എന്നതാണ് ഗൗരവമേറ്റുന്നത്.
റോഡരികിൽ നിൽക്കുന്നവർക്ക് മുന്നിലുള്ള ഷോ കൂടാതെ, പാഞ്ഞുപോകുന്നത് വിഡിയോയാക്കി സോഷ്യൽ മീഡിയയിൽ വൈബ് അടിക്കാനുള്ള വ്യഗ്രതയിലാണ് ഇത്തരക്കാർ. പൊലീസ് സാന്നിധ്യമില്ലാത്ത ‘മികച്ച’ റോഡുകളാണ് ഇത്തരക്കാർ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. നഗരത്തിൽ അമിതവേഗത്തിൽ ബൈക്കിൽ പായുന്നത് പൊലീസിന്റെ ഉൾപ്പെടെ ശ്രദ്ധയിൽ പെട്ടെന്ന് പെടുമെന്നതിനാൽ പ്രാന്തപ്രദേശങ്ങളിലെ മികച്ച റോഡുകളിലാണ് മത്സരയോട്ടം കൂടുതൽ നടക്കുന്നത്.
മറ്റൊരു പ്രധാന പോയന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാന്നിധ്യമാണ്. സ്കൂൾ, കോളജ് എന്നിവക്ക് സമീപമുള്ള റോഡുകളിൽ ഇത്തരം റേസിങ് വീരന്മാരെ ധാരാളമായി കാണാമെന്ന് പൊലീസ് അധികൃതർ തന്നെ പറയുന്നു.
നഗരത്തിനുള്ളിൽ ഇരുചക്രവാഹന ഷോവീരന്മാർ പ്രധാനമായും എത്തുന്നത് റെയിൽവേ സ്റ്റേഷന് സമീപമുള്ള കർബല-എസ്.എൻ കോളജ് ജങ്ഷൻ റോഡിലാണ്. അടുത്തിടെ ബൈക്ക് കാറിലിടിച്ച് കോളജ് വിദ്യാർഥി ഇവിടെ മരിച്ചിരുന്നു. ഫാത്തിമ മാതാ നാഷനൽ കോളജ്, എസ്.എൻ. വിമൻസ് കോളജ്, ലോ കോളജ്, എസ്.എൻ പബ്ലിക് സ്കൂൾ എന്നിങ്ങനെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ റോഡിനോട് അനുബന്ധിച്ചുണ്ട്.
ഇവിടങ്ങളിൽനിന്ന് ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ ഇറങ്ങുന്ന വൈകുന്നേരങ്ങളാണ് ഇത്തരക്കാരുടെ ‘ഷോ ടൈം’. രൂപവ്യത്യാസം വരുത്തിയ ഇരുചക്രവാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ മിന്നൽ പോലെ ഒറ്റപ്പാച്ചിലാണ് ശൈലി, ഹെൽമറ്റ് പോലും ഉണ്ടാകാറില്ല. തിരികെ വന്നുള്ള ഷോ ഉണ്ടാകാറില്ല. റോഡരികിലുള്ള വിദ്യാർഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്.
ഒറ്റയടിക്ക് ഓടിച്ചുപോകുന്നതിനാൽ പിടികൂടുക പ്രയാസമാണെന്ന് പൊലീസും പറയുന്നു. വാഹനത്തിൽ വെച്ചുപിടിച്ചാൽ അപകടത്തിലേക്ക് തീർച്ചയായും എത്തും എന്നതാണ് പൊലീസിനെ ‘ചേസിങ്ങിൽ’ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇത്തരം ഷോ ടീമുകൾ പോകുന്ന വാഹനങ്ങളുടെ നമ്പർ തിരിച്ചറിഞ്ഞ് പിഴ ചുമത്തുകയാണ് പതിവെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു.
മുമ്പ് മോട്ടോർ വാഹന വകുപ്പ് ടീം ഉൾപ്പെടെ ഈ പ്രദേശത്ത് പരിശോധന നടത്തുമായിരുന്നു. ഇപ്പോൾ അത്തരം പരിശോധന കുറഞ്ഞതോടെ ഷോ ടീമിന്റെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് പ്രദേശവാസികളും പറയുന്നത്. കൊല്ലം ബൈപാസ് റോഡിലും മത്സരയോട്ടക്കാരെ പേടിച്ചുവേണം പോകാൻ. പലയിടത്തും റോഡ് തിരക്കില്ലാതെ ഒഴിഞ്ഞുകിടക്കുന്ന സമയങ്ങളിൽ മത്സരിച്ച് ബൈക്ക് ഓടിക്കുന്ന യുവാക്കൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കൊട്ടാരക്കര: ഓയൂർ-കൊട്ടാരക്കര റോഡിൽ ബൈക്കുകളിൽ ഫ്രീക്കന്മാർ വിലസുന്നത് സ്ഥിരമാണ്. കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി, ഓടനാവട്ടം കെ.ആർ.ജി.പി.എം, മുട്ടറ ഗവ. ഹയർ സെക്കൻഡറി, പൂയപ്പള്ളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളാണ് ഇവിടത്തെ വിഹാരകേന്ദ്രം.
ബൈക്കിന്റെ സൈലൻസറിൽ മാറ്റം വരുത്തി ചീറിപ്പായുന്നത് അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് പരാതി. ലൈസൻസോ ഇൻഷുറൻസോ പൊല്യൂഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് പാച്ചിൽ. മാറ്റം വരുത്തുന്ന വാഹനങ്ങൾ എ.ഐ കാമറകളിൽ പോലും പിടിക്കപ്പെടാറില്ല.
ബസുകൾ കടന്നുപോകുന്ന റൂട്ടിൽ അമിതവേഗത്തിൽ കടന്നുപോകുന്ന ഫ്രീക്കന്മാർ നിരവധിപേരെയാണ് ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുള്ളത്. അപകടസമയത്ത് മാത്രമാണ് പൊലീസ് ഇവരെ പിടികൂടാൻ ശ്രമിക്കുന്നത്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ആയതിനാൽ പൊലീസിന് യുവാക്കളെ പിടികൂടാനും കഴിയാറില്ല. ഇത്തരത്തിൽ ബൈക്ക് ഓടിക്കുന്നവരെ യുവാക്കളെ പൊലീസ് പിടികൂടണമെന്നാണ് നാട്ടുകാരുടെയും കാൽനടക്കാരായ സ്കൂൾവിദ്യാർഥികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.