കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്റർനെറ്റിൽ തെരഞ്ഞവർക്കും പങ്കുവെച്ചവർക്കുമെതിരെ നടപടിയെടുത്ത് പൊലീസ്. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റി, റൂറൽ പരിധികളിൽ 38 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. 17ഓളം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്ക് അയച്ചു.
എന്നാൽ, റെയ്ഡ് നടപടിക്ക് വിധേയരായവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടന്നിട്ടില്ല. കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പള്ളി, ചവറ, തെക്കുംഭാഗം അഞ്ചാലുംമൂട്, കൊട്ടിയം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് 14 കേസുകളിലായി മൊബൈൽ ഫോൺ, ലാപ്ടോപ്, ഡസ്ക്ടോപ്പ്, വൈഫൈ ഡോംഗിൾ, സിംകാർഡുകൾ എന്നിവ പിടിച്ചെടുത്തത്. മരിച്ച വ്യക്തിയുടെയും വിദേശത്ത് പോയ വ്യക്തിയുടെയും സിംകാർഡുകൾ ഉപയോഗിച്ചും അശ്ലീലം തെരഞ്ഞതായി സിറ്റി പൊലീസ് കണ്ടെത്തി.
പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയും വിദ്യാർഥികളും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് ഫലം വന്നശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. കൊല്ലം റൂറൽ പൊലീസ് ജില്ലയിലെ 16 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് സ്ഥലങ്ങളിൽനിന്നായി ഒമ്പത് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ചടയമംഗലം, കടയ്ക്കൽ, ശൂരനാട്, പൂയപ്പള്ളി, കുന്നിക്കോട്, കൊട്ടാരക്കര, കുണ്ടറ, ചിതറ, പത്തനാപുരം പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളെടുത്തത്. പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദേശാനുസരണം അഡി. എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തിൽ സ്റ്റേഷനുകളിലെ ഐ.എസ്.എച്ച്.ഒമാരാണ് റെയ്ഡുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.