പത്തനാപുരം : പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പുനലൂര്‍ -പത്തനാപുരം സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. റോഡിന്റെ ടാറിങ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ പത്തോളം അപകടങ്ങളാണ് പാതയിലുണ്ടായത്. കെ.എസ്.ടി.പി.എ ഏറ്റെടുത്ത പുനലൂര്‍ -തൊടുപുഴ പാതയുടെ അവസാന റീച്ചാണ് പുനലൂര്‍ മുതല്‍ കോന്നി വരെയുള്ള ഭാഗം.
ഫുട്പാത്തുകളും പ്രധാന ജങ്ഷനുകളില്‍ പാര്‍ക്കിങ് സംവിധാനങ്ങളും ഒരുക്കിയാണ് നിർമാണം പുരോഗമിക്കുന്നത്. നിലവാരം വർധിപ്പിച്ചപ്പോള്‍ പാതയില്‍ അപകടങ്ങളും പതിവായി. അശ്രദ്ധമായ ഡ്രൈവിങും അമിതവേഗതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ആളുകള്‍ പറയുന്നു.
കടയ്ക്കാമണ്‍ ജങ്ഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയുമായെത്തിയ മിനിലോറി മറിഞ്ഞു. ഉച്ചയോടെ വാഴത്തോപ്പ് ജങ്ഷന് സമീപം കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ പെട്ടു. പുനലൂരില്‍ നിന്ന് പാലായ്ക്ക് പോയ ബസാണ് പാതയോരത്തെ മണ്‍തിട്ടയിലേക്ക് കയറി നിയന്ത്രണം വിട്ടു സമീപത്തെ തേക്ക് മരത്തില്‍ ഇടിച്ചുനിന്നത്. ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
യാത്രക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇതേസ്ഥലത്ത് മറ്റൊരു കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ടിരുന്നു. പുനലൂരില്‍ നിന്ന് കണ്ണൂര്‍ കുടിയാന്മലയ്ക്ക് പോകുകയായിരുന്ന ബസാണ് അന്ന് അപകടത്തില്‍പെട്ടത്. പാതയുടെ അശാസ്ത്രീയമായ നിർമാണമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.