പത്തനാപുരം : ബാങ്ക് ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ അഞ്ചൽ അഗസ്ത്യക്കോട് കളീക്കൽ വീട്ടിൽ മുകേഷ് (40) ആണ് പത്തനാപുരം പൊലീസിന്‍റെ പിടിയിലായത്. ഒക്ടോബർ 30 ന് പത്തനാപുരത്താണ് കേസിനാസ്പദമായ സംഭവം. പത്തനാപുരത്തെ ബാങ്കിൽ അസി. മാനേജരായിരുന്ന അഞ്ചല്‍ സ്വദേശിനിയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് 40 പവനോളം സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയും ലാപ്ടോപ്പും പാസ്പോര്‍ട്ടും കൈക്കലാക്കിയശേഷം മുകേഷ് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
തുടര്‍ന്ന് മൊബൈല്‍ ഫോണിലെ കാള്‍ ലിസ്റ്റിന്‍റെയും സന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ സീനിയർ അഡ്മിനിസ്ട്രേറ്ററും ബാങ്കിന്‍റെ ഐ.ടി സപ്പോർട്ടറുമായിരുന്നു മുകേഷ്. പ്രതിയുടെ അഞ്ചല്‍ അഗസ്ത്യക്കോടുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
യുവതിയുടെ പക്കല്‍ നിന്ന് ഇയാള്‍ കൈക്കലാക്കിയ സ്വര്‍ണവും ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ അക്കൗണ്ട് വഴി മുകേഷിന് കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതിന്റെ കണക്കു ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ആത്മഹത്യപ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.