പത്തനാപുരം: കിഴക്കന്‍ മേഖലയിലെ ഊരുകളില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ നിരവധി ആദിവാസി കുടുംബങ്ങൾ ദുരിതത്തില്‍. പടുത മൂടിയ ഷെഡില്‍ പ്രതികൂല കാലാവസ്ഥകളെല്ലാം തരണം ചെയ്ത് ജീവിക്കുകയാണിവർ.
അച്ചൻകോവിൽ വനമേഖലയിൽ മുതലത്തോട് ഇരുപതോളം ആദിവാസി കുടുംബങ്ങളാണ് ഭൂമിയില്ലാതെ കാടിനുള്ളിൽ കഴിയുന്നത്. കാട്ടുകാമ്പുകള് കുത്തിനിര്‍ത്തി ചുറ്റും ടാര്‍പ്പാളിന്‍ കെട്ടും.
മേല്‍ക്കൂരയിലും ടാര്‍പ്പ വിരിക്കും. തറയില്‍നിന്ന് ഒരടിയോളം ഉയര്‍ത്തി കുറ്റിയടിച്ച് അതില്‍ ബലമുള്ള കാട്ടുകമ്പുകള്‍ നിരത്തി അതിന് മുകളിലാണ് വിശ്രമവും സാധനങ്ങള്‍ സൂക്ഷിക്കുന്നതുമെല്ലാം. ആഹാരം തയാറാക്കുന്നതും കഴിക്കുന്നതുമെല്ലാം ഈ കൂരക്ക് പുറത്താണ്. മേഖലയില്‍ വന്യമൃഗശല്യം ഉണ്ടാകുന്നുണ്ടെന്നും അത്തരം സാഹചര്യങ്ങളില്‍ സമീപത്തെ സര്‍ക്കാര്‍ സ്കൂളിന്റെ വരാന്തയിലേക്ക് മാറുമെന്നും അവർ പറയുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ടുമലയില്‍ ഇരുപത്തിയഞ്ച് പുതിയ വീടുകള്‍ സര്‍ക്കാര്‍ നിർമിച്ചെങ്കിലും ഇവയൊന്നും കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടില്ല. കാടുകയറി ഉപജീവനം നടത്തുന്ന ആദിവാസി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് പെന്ഷന് പദ്ധതിപോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനു പുറമെ ആധാർ, റേഷൻ കാർഡ്, ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇവയൊന്നും ലഭിക്കാത്തവര്‍ വരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.