പത്തനാപുരം: മുളംകമ്പില്‍ തുണി കെട്ടി, അതില്‍ രക്തം വാര്‍ന്നൊലിക്കുന്ന ശരീരം കെട്ടി, അതും വഹിച്ച് നടന്നും ഒാടിയും 15 കിലോമീറ്റര്‍. യാത്രമധ്യേ എവിടെ െവച്ചോ ആ ജീവന് പൊലിഞ്ഞു. കുത്തിയൊഴുകുന്ന അച്ചന്‍കോവില്‍ ആറ് കൂടി കടന്ന് കോന്നി പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പോസ്റ്റ്മോര്‍ട്ടം ടേബിളിലേക്ക്. വഴിയോ വാഹനമോ പാലമോ ഒന്നുമില്ലാതെ വനത്തില്‍ കഴിയുന്ന മനുഷ്യരുടെ ദുരിതത്തിന് നേർചിത്രമായി ആ മരണം. ആവണിപ്പാറ ആദിവാസി ഊരിലെ മനുഷ്യരുടെ നരകതുല്യ ജീവിതമാണ് കഴിഞ്ഞ ദിവസം മരിച്ച കണ്ണൻ (53) എന്ന മധ്യവയസ്കന് നേരിടേണ്ടിവന്ന ദുര്യോഗം കാണിക്കുന്നത്.
ഉൾവനത്തിൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് പരിക്കേറ്റ് സമയത്തിന് ചികിത്സ കിട്ടാതെയാണ് അരുവാപ്പുലം ആവണിപ്പാറ ആദിവാസി കോളനിയിലെ കണ്ണൻ (53) ജീവൻ വെടിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ ഊരില്‍നിന്ന് 15 കിലോമീറ്ററോളം അകലെ പേരള അഞ്ച് സെൻറ് മുത്തൻതോട് ഭാഗത്തുെവച്ചാണ് കണ്ണന് അപകടം സംഭവിച്ചത്. വയണമരത്തിൽ കയറി പൂ ശേഖരിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷീല തിരികെ ഊരിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു.
തുടര്‍ന്ന്, ആളുകള്‍ അപകടസ്ഥലത്തെത്തിയപ്പോഴും കണ്ണെൻറ ശരീരത്തില്‍ ജീവന് തുടിക്കുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാളുടെ മുണ്ട് മുളയിൽ കെട്ടി അതിലേക്ക് കണ്ണനെയും കിടത്തി രണ്ടുപേര്‍ തോളില്‍ ചുമന്നാണ് കോളനിയിലെത്തിച്ചത്. അവിടെനിന്ന് നിറഞ്ഞൊഴുകുന്ന അച്ചൻ കോവിലാറിന് ബോട്ടിൽ കയറ്റിയാണ് മറുകര എത്തിച്ചത്. അപ്പോഴേക്കും മണിക്കൂറുകള്‍ പിന്നിട്ടു. വഴിമധ്യേ എവിടെ െവച്ചോ കണ്ണന് മരിച്ചു.
അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ ഒരു ഭാഗത്താണ് ആവണിപ്പാറ ആദിവാസി ഊര്. നദിക്ക് കുറുകെ പാലം പോലുമില്ലാത്ത ഒറ്റപ്പെട്ട ഗ്രാമമാണ് ആവണിപ്പാറ. അപകടം സംഭവിച്ചാൽ ഇവർക്ക് വേഗം ആശുപത്രിയിലെത്തിക്കാനോ കൃത്യസമയത്ത് ചികിത്സ നല്‍കാനോ കഴിയില്ല. െകാല്ലം-പത്തനംതിട്ട അതിർത്തിയിൽനിന്ന് 40 കിലോമീറ്ററോളം യാത്രചെയ്ത് കോന്നിയിലും പുനലൂരിലും പത്തനാപുരത്തുമൊക്കെയെത്തിയാണ് ഇവിടെയുള്ളവർ ചികിത്സ തേടുന്നത്. മുമ്പ് പാലത്തിന് ശിലാസ്ഥാപനം നടത്തിയിരുന്നു. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല. പാലവും ഗതാഗതയോഗ്യമായ പാതയും ഈ വനവാസികളുടെ കാലാകാലങ്ങളായുള്ള ആവശ്യമാണ്. ഇൗ മരണത്തിലൂടെയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.