പത്തനാപുരം: കിഴക്കന്‍ വനമേഖലയില്‍ വന്യമൃഗങ്ങൾക്ക് ജീവൻ നഷ്ടമാകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ െചരിഞ്ഞത് മൂന്ന് കാട്ടാനകള്‍. അടിക്കടി മൃഗങ്ങളുടെ ജീവന് നഷ്ടപ്പെട്ടിട്ടും വകുപ്പ് കാര്യമായ അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടശ്ശേരി യൂക്കാലി തോട്ടത്തിൽനിന്ന് കാട്ടാനയുടെ ജഡം കണ്ടെത്തിയതാണ് ആദ്യസംഭവം. 14 വയസ്സ് തോന്നിക്കുന്ന കൊമ്പനാനയെയാണ് െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെ അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിനോട് ചേർന്നുള്ള വനത്തില്‍ 25 വയസ്സോളമുള്ള കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി.
ജഡത്തിന് ഒന്നരമാസത്തെ പഴക്കമുണ്ട്. കഴിഞ്ഞദിവസം കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പുളിയറ ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപം കൃഷിയിടത്തിൽ മാന്തോപ്പിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. 22 വയസ്സ് വരുമെന്നാണ് അധികൃതർ പറയുന്നത്. മൂന്ന് കാട്ടാനകളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതുവരെ ലഭ്യമായിട്ടില്ല. കടശ്ശേരിയിലെയും അച്ചന്‍കോവിലിലെയും ആനകള്‍ പാറക്കൂട്ടത്തില്‍നിന്ന് തെന്നിവീണതാണ് മരണകാരണമെന്നാണ് വനംവകുപ്പ് വിശദീകരണം.
എല്ലാ ആഴ്ചയും വനത്തിനുള്ളില്‍ പട്രോളിങ് നടത്തുന്ന വനപാലകരും വാച്ചര്‍മാരും കാട്ടാന അപകടത്തില്‍പെട്ടത് ശ്രദ്ധിച്ചില്ല. പതിവായി കാണാറുള്ള കാട്ടാനകളുടെ അസാന്നിധ്യവും വകുപ്പ് ശ്രദ്ധിച്ചില്ല. ആനത്താരയിലെ പാറക്കെട്ടുകള്‍ സുപരിചിതമായിരിക്കെ ആനകള്‍ തെന്നി അപകടത്തില്‍പെടാനുള്ള സാധ്യത വിരളമാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.
വനത്തിനുള്ളില്‍ ജലക്ഷാമം രൂക്ഷമാണെന്നും ഭക്ഷണവും വെള്ളവും കിട്ടാതെ മൃഗങ്ങള്‍ അവശനിലയിലാണെന്നും വനാതിര്‍ത്തിയിലെ താമസക്കാര്‍ പറയുന്നു.
ഇതിനിടെ ആര്യങ്കാവ് നാഗമലയില്‍ പുലിയെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നുണ്ടെങ്കിലും പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ വകുപ്പ് അവസാനിപ്പിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.